കൊച്ചി
ധാതുഖനന നിയമത്തിൽ ഭേദഗതിവരുത്തി മത്സ്യത്തൊഴിലാളികളുടെ ജീവിതം വഴിമുട്ടിക്കുകയും സംസ്ഥാനങ്ങളുടെ അധികാരം കവരുകയും ചെയ്യുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ ഏപ്രിൽ 28ന് രാജ്ഭവൻ മാർച്ച് നടത്താൻ മത്സ്യമേഖലാ സംരക്ഷണ കൺവൻഷൻ തീരുമാനിച്ചു.
2002ലെ ധാതുഖനന നിയമം ഭേദഗതി ചെയ്ത് ഫെബ്രുവരി ഒമ്പതിനാണ് കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. കരിമണലും കടൽമണലും ഉൾപ്പെടെയുള്ള ധാതുക്കൾ ഖനനം ചെയ്യാൻ കോർപറേറ്റുകൾക്ക് അനുവാദം നൽകിയാണ് വിജ്ഞാപനം. ഇതനുസരിച്ച് കടലിനെ 51 ചതുരശ്രകിലോമീറ്റർ വീതമുള്ള ഭാഗങ്ങളായി തിരിച്ച് ഖനനത്തിന് നിശ്ചിത തുക ഈടാക്കി കോർപറേറ്റുകളെ ഏൽപ്പിക്കും. ഇത്തരത്തിലുള്ള 45 ഭാഗങ്ങൾവരെ ഒരാൾക്ക് ഖനനം ചെയ്യാം. ഒരുവർഷംവരെ സൗജന്യമായി ധാതുക്കൾ ശേഖരിക്കാം. തുടർന്നുള്ള 10 വർഷത്തേക്ക് ടണ്ണിന് ഒരുലക്ഷം രൂപയാണ് ഈടാക്കുക. ഇത്തരത്തിലാണ് രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കാൻ കോർപറേറ്റുകൾക്ക് അവസരം ഒരുക്കുന്നത്. ഖനനം ചെയ്യുന്ന പ്രദേശങ്ങളിൽ മീൻപിടിത്തയാനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല. പ്രദേശത്തെ മീൻസമ്പത്തും പൂർണമായി നഷ്ടപ്പെടും. ഇതിനൊപ്പം, തീരക്കടലിൽ സംസ്ഥാനങ്ങൾക്ക് ഉണ്ടായിരുന്ന അധികാരവും നഷ്ടമാകുമെന്ന് കൺവൻഷൻ വിലയിരുത്തി.
മത്സ്യമേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളുടെ സംയുക്തവേദിയായ മത്സ്യമേഖലാ സംയുക്തസമിതി കച്ചേരിപ്പടി ആശിർഭവനിൽ സംഘടിപ്പിച്ച കൺവൻഷൻ സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ജെ മേഴ്സിക്കുട്ടി അമ്മ ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പി അശോകൻ അധ്യക്ഷനായി. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എസ് ശർമ, കൂട്ടായി ബഷീർ, കേരള മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ്, ടി രഘുവരൻ, ഉമ്മർ ഒട്ടുമ്മൽ, ജോസഫ് സേവ്യർ കളപ്പുരയ്ക്കൽ, എം എൻ ശിവദാസൻ, ജോസഫ് ജൂഡ്, പി വി ജയൻ, സിബി പുന്നൂസ്, ഷെറി ജെ തോമസ്, പുല്ലുവിള സ്റ്റാൻലി എന്നിവർ സംസാരിച്ചു.