മലപ്പുറം
ഐഎസ്എൽ കളിക്കുകയെന്ന വലിയ സ്വപ്നത്തിലേക്കുള്ള ആദ്യചുവടുവയ്പ്പാണ് കേരള യുണൈറ്റഡ് എഫ്സിയുടേത്. ടീം രൂപീകരിച്ച് മൂന്നാംസീസണിൽ കേരളത്തിന്റെ ചാമ്പ്യൻ ക്ലബ്ബായി. കേരള പ്രീമിയർ ലീഗ് (കെപിഎൽ) കിരീടം നേടിയതോടെ ഐ ലീഗ് രണ്ടാംഡിവിഷനിലേക്ക് വഴിയൊരുങ്ങി. രണ്ടാംഡിവിഷൻ ചാമ്പ്യൻമാരായി ഐ ലീഗിലേക്ക് യോഗ്യത നേടുകയാണ് അടുത്ത ലക്ഷ്യം. ഐ ലീഗ് വഴി ഐഎസ്എല്ലിലേക്ക്.
കോഴിക്കോട്ടെ പഴയകാല ക്ലബ്ബായ ക്വാർട്സ് എഫ്സി യുണൈറ്റഡ് ഗ്രൂപ്പ് ഏറ്റെടുത്തതാണ് വഴിത്തിരിവ്. ക്വാർട്സ് എഫ്സിയുടെ മാനേജ്മെന്റ് മാറി കേരള യുണൈറ്റഡ് എഫ്സിയായി മാറുകയായിരുന്നു. ഇംഗ്ലീഷ് ക്ലബ്ബായ ഷെഫീൽഡ് യുണൈറ്റഡ് ഉൾപ്പെടുന്ന യുണൈറ്റഡ് വേൾഡ് ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആദ്യത്തെ ടീമാണ് കേരള യുണൈറ്റഡ്.
ടീം രൂപീകരണകാലംമുതൽ മലപ്പുറമായിരുന്നു കേന്ദ്രം. തുടക്കം എടവണ്ണ സ്റ്റേഡിയത്തിൽ, പിന്നെ മഞ്ചേരി പയ്യനാട്. നിലവിൽ മലപ്പുറം കോട്ടപ്പടി സ്റ്റേഡിയമാണ് ഹോം ഗ്രൗണ്ട്. ഐ ലീഗ് രണ്ടാംഡിവിഷനിലും കോട്ടപ്പടി തന്നെ ഹോം ഗ്രൗണ്ട് ആക്കാനാണ് ടീമിന്റെ തീരുമാനം. ആദ്യ സീസണിൽ സെമിയിൽ കടന്ന ടീം കഴിഞ്ഞ സീസണിൽ അഞ്ചാംസ്ഥാനത്തായി. പുതിയ സീസണിൽ കൃത്യമായ പദ്ധതി തയ്യാറാക്കിയാണ് ടീം ഒരുങ്ങിയത്.
നൈജീരിയക്കാരൻ സഹീദ് റമോൺ മുഖ്യപരിശീലകനായി എത്തിയതോടെ കളിക്കാരുടെ ആത്മവിശ്വാസത്തിൽ മാറ്റം വന്നു. കരുത്തുറ്റ വിദേശതാരങ്ങളെ കൊണ്ടുവരാൻ കഴിഞ്ഞതും നേട്ടമായി. വിദേശമുന്നേറ്റക്കാരൻ ഇസെകിൽ ഒറോ (നൈജീരിയ), മധ്യനിര താരങ്ങളായ ലൂസിഫ് അഫുൽ (ഘാന), ബെഞ്ചമിൻ ആർതർ (ഘാന), ക്വട്ടാരാ (ഐറികോസ്റ്റ്) എന്നിവർ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇസെകിൽ ടൂർണമെന്റിലെ താരമായി.
യുവനിരയായിരുന്നു ടീമിന്റെ കരുത്ത്. സന്തോഷ് ട്രോഫി താരങ്ങളായ സച്ചുബേബി, എം മനോജ്, ടീം ക്യാപ്റ്റൻ മുഹമ്മദ് നൗഫൽ എന്നിവർ അടങ്ങിയ ചെറുപ്പക്കാരുടെ സംഘം തിളങ്ങി. യുവനിരയ്ക്ക് കൂടുതൽ അവസരമൊരുക്കാനാണ് ടീം ആഗ്രഹിക്കുന്നത്. ഇതിന്റെ ഭാഗമായി മലപ്പുറം രണ്ടത്താണിയിൽ ഫുട്ബോൾ സ്കൂളും തൃശൂർ മണ്ണുത്തിയിൽ റസിഡൻഷ്യൽ അക്കാദമിയും നടത്തുന്നുണ്ട്. തൃശൂർ, ഇടുക്കി, മലപ്പുറം, വയനാട് എന്നിവിടങ്ങളിൽ പുതിയ ഫുട്ബോൾ സ്കൂളുകൾ തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്.