നൗകാമ്പ്
നാലുവർഷത്തിനുശേഷം സ്പാനിഷ് ഫുട്ബോൾ ലീഗ് കിരീടം തിരിച്ചുപിടിക്കാനുള്ള സ്വപ്നത്തിലേക്ക് ബാഴ്സലോണ അടുക്കുന്നു. റയൽ മാഡ്രിഡിനെ 2–-1ന് തോൽപ്പിച്ച് ഒന്നാംസ്ഥാനത്തുള്ള അന്തരം 12 പോയിന്റാക്കി വർധിപ്പിച്ചു. പരിക്കുസമയം പകരക്കാരൻ ഫ്രാങ്ക് കെസിയാണ് വിജയഗോൾ കണ്ടത്. ബാഴ്സ പ്രതിരോധക്കാരൻ റൊണാൾഡ് അരാഹുവിന്റെ പിഴവിൽ റയലായിരുന്നു തുടക്കം മുന്നിലെത്തിയത്. എന്നാൽ, സെർജിയോ റോബോർട്ടോയിലൂടെ ബാഴ്സ മറുപടി നൽകി. 2019നുശേഷം ആദ്യ കിരീടമാണ് സാവിയും കൂട്ടരും ലക്ഷ്യംവയ്ക്കുന്നത്.എൽ ക്ലാസിക്കോയിൽ റയലിനെതിരെ തുടർച്ചയായ മൂന്നാംജയമാണ് ബാഴ്സ കുറിച്ചത്.
സ്വന്തം തട്ടകത്തിൽ മികച്ചുനിന്നത് ബാഴ്സതന്നെയായിരുന്നു. ആദ്യംതൊട്ടെ ഒരുമയോടെ പന്തുതട്ടി. റോബർട്ട് ലെവൻഡോവ്സ്കിയും റഫീന്യയും റയൽ വലയിലേക്ക് പന്ത് എത്തിക്കാൻ ശ്രമിച്ചെങ്കിലും ഗോൾകീപ്പർ തിബൗ കുർട്ടോ കീഴടങ്ങിയില്ല. ഒമ്പതാംമിനിറ്റിലാണ് എതിരാളിയെ ഞെട്ടിച്ച് റയൽ ലീഡെടുത്തത്. ഇടതുഭാഗത്തുനിന്ന് വിനീഷ്യസ് ജൂനിയറിന്റെ നീക്കം. ബ്രസീലുകാരൻ തൊടുത്ത പന്ത് ഹെഡ്ഡറിലൂടെ പ്രതിരോധിച്ച അരാഹുവിന്റെ കണക്കുകൂട്ടൽ തെറ്റി, പന്ത് വലയിൽ. പിന്നിട്ടുനിൽക്കുന്നതിന്റെ തളർച്ച കാണിച്ചില്ല ബാഴ്സ. സമ്മർദത്തിനുവഴങ്ങാതെ കൃത്യതയോടെ മുന്നേറി. ഇടവേളയ്ക്ക് പിരിയുംമുമ്പേ സെർജിയോ സമനില ഗോൾ കണ്ടെത്തി.
രണ്ടാംപകുതിയും ബാഴ്സയായിരുന്നു കളത്തിൽ. എന്നാൽ, കുർട്ടോയുടെ തകർപ്പൻ പ്രകടനം ഗോളകറ്റി. ഇതിനിടെ പകരക്കാരനായെത്തിയ മാർകോ അസെൻസിയോ റയലിനായി ലക്ഷ്യം കണ്ടെങ്കിലും വീഡിയോ പരിശോധനയിൽ (വാർ) ഓഫ്സൈഡാണെന്ന് തെളിഞ്ഞു. സമനിലയിലേക്ക് നീങ്ങുന്ന കളിയിൽ ലെവൻഡോവ്സ്കിയുടെ നീക്കത്തിൽനിന്നാണ് ബാഴ്സ വിജയഗോൾ നേടിയത്. മുന്നേറ്റക്കാരൻ നൽകിയ പാസ് അലെയാന്ദ്രേ ബാൽദെ ഗോൾമുഖത്തുള്ള കെസിയക്ക് നൽകി. ഇരുപത്താറുകാരന് എളുപ്പമായിരുന്നു കാര്യങ്ങൾ. 26 മത്സരം പൂർത്തിയായപ്പോൾ ബാഴ്സയ്ക്ക് 68 പോയിന്റാണ്. റയലിന് 56. 12 കളിയാണ് ബാക്കി.
ഏപ്രിൽ അഞ്ചിന് സ്പാനിഷ് കിങ്സ് കപ്പ് രണ്ടാംപാദ സെമിയിൽ ബാഴ്സയും റയലും നേർക്കുനേർ എത്തുന്നുണ്ട്. നൗകാമ്പിലാണ് കളി. ആദ്യപാദം ബാഴ്സ ഒരു ഗോളിന് ജയിച്ചിരുന്നു.