കോഴിക്കോട്
സംസ്ഥാന ഭാരവാഹികളെ തീരുമാനിച്ചിട്ടും മുസ്ലിംലീഗിൽ കലാപമടങ്ങുന്നില്ല. ഏകകണ്ഠമായാണ് ഭാരവാഹികളെ തീരുമാനിച്ചതെന്ന് നേതൃത്വം അവകാശപ്പെടുമ്പോഴും മുതിർന്ന നേതാക്കളിൽ അതൃപ്തി പ്രകടമാണ്. ഇതിനിടെ മുൻ സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയതും ലീഗിനെ പ്രതിരോധത്തിലാക്കി.
ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പുകളിൽ പലയിടങ്ങളിലും കടുത്ത വിഭാഗീയതയായിരുന്നു. സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെട്ടിട്ടും എറണാകുളം ഉൾപ്പെടെ ജില്ലകളിൽ കമ്മിറ്റി രൂപീകരിക്കാനായില്ല. ഏകപക്ഷീയമായി ഭാരവാഹികളെ പ്രഖ്യാപിച്ച് സംസ്ഥാന കൗൺസിലിലേക്ക് കടക്കുകയായിരുന്നു. ഇതിനെതിരെ എതിർപക്ഷം കോടതിയിൽനിന്ന് അനുകൂല ഉത്തരവുകൾ നേടിയിട്ടുണ്ട്. ഇത് മറികടന്നാണ് ജനറൽ കൗൺസിൽ ചേർന്നത്. ഇതിനെ നിയമപരമായി നേരിടാനുള്ള വിമത വിഭാഗത്തിന്റെ നീക്കം പാർടിക്ക് തലവേദനയാണ്.
ലീഗ് എംഎൽഎയുമായി ചർച്ച നടത്തിയെന്ന ആർഎസ്എസ് നേതൃത്വത്തിന്റെ വെളിപ്പെടുത്തൽ ഹംസ ശരിവച്ചതും പ്രതിസന്ധി മൂർച്ഛിപ്പിക്കും. സോളാർ കേസിലെ പ്രതി സരിത നായരെ ബഷീറലി ശിഹാബ് തങ്ങളുടെ അടുത്തേക്ക് പറഞ്ഞയച്ചത് കുഞ്ഞാലിക്കുട്ടിയാണെന്ന് യുഡിഎഫ് അന്വേഷണ കമീഷൻ റിപ്പോർട്ടിലുണ്ടെന്ന വെളിപ്പെടുത്തൽ ലീഗിനെ കൂടുതൽ കുഴപ്പത്തിലാക്കും. പാർടി കുഞ്ഞാലിക്കുട്ടി പക്ഷം പിടിമുറുക്കിയെന്ന് അവകാശപ്പെടുമ്പോഴും മുതിർന്ന നേതാക്കൾ മറുപക്ഷത്തുള്ളത് വെല്ലുവിളിയാണ്. ഇ ടി മുഹമ്മദ് ബഷീർ, പി വി അബ്ദുൾ വഹാബ്, എം കെ മുനീർ, കെ എം ഷാജി എന്നിവരുടെ നേതൃത്വത്തിൽ ശക്തമായൊരു വിമതനിര പാർടിയിലുണ്ട്. ഇവരെ മറികടന്ന് തീരുമാനമെടുക്കുക കുഞ്ഞാലിക്കുട്ടി വിഭാഗത്തിന് എളുപ്പമല്ല. സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾ ഒപ്പമുള്ളതുമാത്രമാണ് ബലം.