കഴിഞ്ഞദിവസം വിടവാങ്ങിയ മാർ ജോസഫ് പൗവത്തിൽ എന്റെ വന്ദ്യഗുരുനാഥനായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് അറിഞ്ഞിരുന്നെങ്കിലും അന്ത്യം ഇത്ര പെട്ടെന്നാകുമെന്ന് കരുതിയില്ല. ആറുപതിറ്റാണ്ടായി അടുത്തബന്ധമാണ് എനിക്ക് അദ്ദേഹവുമായി ഉള്ളത്. എസ്ബി കോളേജിൽ പൗവത്തിൽ അച്ചൻ അധ്യാപകനായി ചേർന്ന വർഷത്തെ വിദ്യാർഥികളിൽ ഒരാളായിരുന്നു ഞാൻ (പ്രീ യൂണിവേഴ്സിറ്റി അവസാന ബാച്ച്). പൗവത്തിലച്ചന്റെ വിഷയം ഇക്കോണമിക്സ് ആയിരുന്നെങ്കിലും ഞങ്ങളെ പഠിപ്പിച്ചത് ഹിസ്റ്ററി ആയിരുന്നു. പതിഞ്ഞശബ്ദത്തിൽ നോട്ട് മുഖത്തോടു ചേർത്ത് അച്ചൻ എടുത്തിരുന്ന ക്ലാസുകൾ മനസ്സിൽനിന്നു മാഞ്ഞിട്ടില്ല. ഏതു വിഷയം കൈകാര്യം ചെയ്യുമ്പോഴും ചരിത്രബോധത്തോടെ സമീപിക്കാനുള്ള സ്വഭാവം ആർജിച്ചത് അച്ചന്റെ ക്ലാസിൽനിന്ന് ആയിരുന്നു.
ആത്മീയപരിവേഷമുള്ള അച്ചന്റെ ശരീരഭാഷ കണ്ട് എന്റെ അടുത്ത സുഹൃത്തായിരുന്ന മുളവന ഇടയ്ക്കിടെ പറയുമായിരുന്നു ‘പൗവത്തിലച്ചൻ ഉറപ്പായും പോപ്പ് ആകും. ഇക്ബാൽ നോക്കിക്കോ’ എന്ന്. അച്ചൻ പിന്നീട് പൗരോഹിത്യശ്രേണിയിൽ ഉയർന്ന് ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പായി. അന്ന് അച്ചനെ കണ്ട് ആദരം അറിയിക്കാൻ ചെന്നപ്പോൾ വർഷങ്ങൾക്കുമുമ്പ് മുളവന നടത്തിയ പ്രവചനം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അച്ചൻ ഊറിയൂറി ചിരിച്ചു. |
എസ്ബിയിലെ പഠനംകഴിഞ്ഞ് മെഡിക്കൽ കോളേജിൽ വിദ്യാർഥിയായും അധ്യാപകനായും ജീവിതം തുടർന്നപ്പോഴും ഇടയ്ക്കിടെ ഞങ്ങളുടെ ചങ്ങനാശേരി വീടിന്റെ തൊട്ടടുത്തായ ബിഷപ് പാലസിൽ പോയി അച്ചനെ കാണാറുണ്ടായിരുന്നു. പല വിഷയത്തിലും ഭിന്നാഭിപ്രായങ്ങൾ പ്രകടിപ്പിക്കുമ്പോൾ അതെല്ലാം ഒട്ടും മുഷിയാതെ കേട്ടിരിക്കുകയും തന്റെ നിലപാട് വിശദീകരിച്ചുതരികയും ചെയ്തിരുന്നു. അഭിപ്രായവ്യത്യാസമുള്ളവരുമായി പരസ്പര ബഹുമാനം കൈവിടാതെ ആശയവിനിമയം നടത്താൻ (Engage) തയ്യാറായിരുന്നു എന്നതായിരുന്നു അച്ചന്റെ സവിശേഷത. ക്രിസ്ത്യൻ കുട്ടികളെ സഭയുടെ വിദ്യാലയത്തിൽത്തന്നെ പഠിപ്പിക്കണമെന്ന് അദ്ദേഹത്തിന്റെ അഭിപ്രായം വിവാദമായ സമയത്ത് നേരിട്ടുകണ്ട് അക്കാര്യത്തിലുള്ള എന്റെ വിയോജിപ്പ് അറിയിച്ചു. താൻ ഉദ്ദേശിച്ചത് തെറ്റായാണ് വ്യാഖ്യാനിക്കപ്പെട്ടത് എന്നദ്ദേഹം വ്യക്തമാക്കി. സഭയുടെ സ്ഥാപനങ്ങളിൽ മോറൽ ക്ലാസുകൾ ഉണ്ടല്ലോ. അത്തരം ക്ലാസുകളിലൂടെ കുട്ടികൾക്ക് ധാർമികതയുടെ പാഠങ്ങൾ പഠിക്കാൻ കഴിയുമെന്നാണ് ഉദ്ദേശിച്ചതെന്നും തെറ്റിദ്ധാരണ ഉണ്ടായതിൽ വിഷമമുണ്ടെന്നും പറഞ്ഞു. 2006ലെ എൽഡിഎഫ് സർക്കാരിന്റെ വിദ്യാഭ്യാസനയങ്ങളിൽ സഭ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. 2006ൽ സർക്കാരിന്റെ വിദ്യാഭ്യാസനയങ്ങളെക്കുറിച്ച് കോട്ടയത്തു നടത്തിയ സെമിനാറിൽ ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. സർക്കാരിന് എതിരായി ചില വിമർശം പറയാനാണ് വന്നതെന്നും ഇക്ബാൽ കൂടിയുള്ള സ്ഥിതിക്ക് നാംനമ്മിൽ വേദിയിൽ തർക്കം വേണ്ടെന്നും പറഞ്ഞു. മറ്റു കാര്യങ്ങൾ മാത്രമാണ് അന്ന് പൗവത്തിൽ പ്രസംഗത്തിൽ ഉൾപ്പെടുത്തിയത്.
സഭയ്ക്കുള്ളിൽ പല വിഷയത്തിലും കർശന നിലപാടുകളാണ് അദ്ദേഹം സ്വീകരിച്ചത്. അതിൽ വെള്ളംചേർക്കാൻ ഒരിക്കലും തയ്യാറായിട്ടില്ല.
മിക്ക സമകാലീന മാർക്സിസ്റ്റ് പുസ്തകങ്ങളും അദ്ദേഹത്തിന്റെ മേശപ്പുറത്തു കണ്ട് ഞാൻ അത്ഭുതപ്പെട്ടിരുന്നു. 2011ൽ ചങ്ങനശേരിയിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കാൻ നിർദേശിക്കപ്പെട്ടപ്പോൾ പൗവത്തിൽ അച്ചനെയാണ് ഞാൻ ആദ്യമായി കണ്ട് അനുഗ്രഹംതേടിയത്. റോമിൽ ആധ്യാത്മിക സമ്മേളനത്തിന് പോകുകയാണെന്നും ‘ഞാൻമൂലം ഇക്ബാലിന് പ്രശ്നമൊന്നും ഉണ്ടാകില്ലെ’ന്നും പറഞ്ഞു. പിന്നീട് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടശേഷം കാണാൻ പോയപ്പോൾ ചില കടുത്ത മാർക്സിസ്റ്റ് വിരുദ്ധ കേന്ദ്രങ്ങളിൽനിന്നും ഇക്ബാലിന് വോട്ട് കിട്ടിയതായി അറിഞ്ഞു. ഇത് എങ്ങനെ സാധിച്ചെന്ന് അച്ചൻ ചോദിച്ചത് കേട്ടപ്പോൾ തോറ്റതിലുള്ള വിഷമം അൽപ്പം മാറിക്കിട്ടി.
ചങ്ങനാശേരിയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനുണ്ടായിരുന്നു. അതിനിടയിൽ അദ്ദേഹത്തെ കാണാൻ ശ്രമിക്കണമെന്ന് കരുതിയിരുന്നപ്പോഴാണ് പ്രതീക്ഷിക്കാതെ മരണവിവരം അറിയുന്നത്. ഞാൻ പിതൃതുല്യനായി കരുതി ബഹുമാനിച്ചിരുന്ന വന്ദ്യഗുരുനാഥന് ആദരാഞ്ജലി.