തലശേരി
റബർ കർഷകരെ സഹായിക്കുന്നവർക്ക് മലയോര കർഷകർ പിന്തുണ നൽകുമെന്ന് തലശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംബ്ലാനി. കത്തോലിക്ക സഭയുടെ നിലപാടായി ഇതിനെ വ്യാഖ്യാനിക്കരുത്. മലയോര കർഷകരുടെ വികാരവും നിലപാടുമാണ് കഴിഞ്ഞ ദിവസം ആലക്കോട് പ്രസംഗത്തിൽ പ്രകടിപ്പിച്ചത്. സമ്മർദത്തിലൂടെയോ പ്രലോഭനത്തിലൂടെയോ ഏതെങ്കിലും മുന്നണിയുടെ തൊഴുത്തിൽകെട്ടുക എന്ന നിലപാടില്ലെന്നും ആർച്ച് ബിഷപ് മാധ്യമങ്ങളോട് പറഞ്ഞു.
റബർ വില 300 രൂപയാക്കിയാൽ ബിജെപിയെ സഹായിക്കാമെന്നല്ല പറഞ്ഞത്. റബർ കർഷകരെ സഹായിക്കുന്ന പാർടികൾ ഏതായാലും അവരെ സഹായിക്കാമെന്നാണ്. ഇത് രാഷ്ട്രീയലക്ഷ്യംവച്ചല്ല. ഇറക്കുമതിത്തീരുവ സംബന്ധിച്ച് തീരുമാനിക്കുകയും വില 300 രൂപയാക്കുകയും ചെയ്താൽ ബിജെപിയുടെ കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കാൻ മലയോര കർഷകർ തയാറാകും.
|
രാജ്യത്ത് മതന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തി ആക്രമിക്കുന്ന സാഹചര്യമുണ്ട്. ആ വിഷയം ഗൗരവത്തോടെതന്നെയാണ് സഭ കാണുന്നത്. എൽഡിഎഫ് സർക്കാർ അനുഭാവപൂർവം ചെയ്തിട്ടുള്ള കാര്യങ്ങളും നന്ദിയോടെ ഓർക്കുന്നുണ്ട്. എൽഡിഎഫുമായി സംഘർഷത്തിനോ ഏറ്റുമുട്ടലിനോ സഭയ്ക്ക് താൽപ്പര്യമില്ല. സഭയും ബിജെപിയും സഖ്യമെന്നനിലയിൽ ദുർവ്യാഖ്യാനം ചെയ്യേണ്ടതില്ലെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.