കാഠ്മണ്ഡു
നേപ്പാളിൽ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ (പ്രചണ്ഡ) സർക്കാർ തിങ്കളാഴ്ച വിശ്വാസവോട്ട് തേടും. നേപ്പാളി കമ്യൂണിസ്റ്റ് പാർടി (മാവോയിസ്റ്റ്) ചെയർമാനായ പ്രചണ്ഡ കഴിഞ്ഞ ഡിസംബർ 26നാണ് സത്യപ്രതിജ്ഞ ചെയ്തത്. 275 അംഗ പ്രതിനിധിസഭയിൽ 169 പേരുടെ പിന്തുണയാണ് പ്രചണ്ഡയ്ക്ക് ലഭിച്ചിരുന്നത്.
കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് നേപ്പാള്‍ (യുണൈറ്റഡ് മാര്‍ക്സിസ്റ്റ്-–- ലെനിനിസ്റ്റ്), രാഷ്ട്രീയ പ്രജാതന്ത്ര പാർടി എന്നിവ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതോടെയാണ് വിശ്വാസവോട്ട് വേണ്ടിവന്നത്. നേപ്പാൾ പ്രസിഡന്റ് പദവിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ നേപ്പാളി കോൺഗ്രസ് നേതാവ് രാമചന്ദ്ര പൗഡേലിനെ പ്രധാനമന്ത്രി പിന്തുണച്ചതോടെയാണ് സഖ്യത്തിൽ വിള്ളൽ വീണത്.
വിശ്വാസവോട്ട് നേടാനുള്ള ഭൂരിപക്ഷം സർക്കാരിനുണ്ടെന്ന് പ്രധാനമന്ത്രി പ്രചണ്ഡ പറഞ്ഞു. വിശ്വാസവോട്ടിനുശേഷം സർക്കാരിൽചേരുമെന്ന് നേപ്പാളി കോൺഗ്രസ് നേതാക്കൾ പറഞ്ഞു. നിലവിൽ സർക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കുകയാണ് നേപ്പാളി കോൺഗ്രസ്.