കൊച്ചി> കോൺഗ്രസ് ഇപ്പോഴത്തെ നിലപാട് തുടർന്നാൽ മൂന്നാംവട്ടവും കേരളത്തിൽ എൽഡിഎഫ് അധികാരത്തിലെത്തുമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ജനപക്ഷ വികസനക്ഷേമ പദ്ധതികളും ബദൽനയങ്ങളും നടപ്പാക്കുന്ന എൽഡിഎഫ് സർക്കാരിനെ തകർക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കങ്ങളെ കോൺഗ്രസ് പിന്തുണക്കുകയാണ്. ഭരണഘടനയെ സംരക്ഷിക്കാനും ഇന്ത്യയെ മതനിരപേക്ഷ, ജനാധിപത്യ രാഷ്ട്രമായി നിലനിർത്താനുമുള്ള പോരാട്ടങ്ങളിൽ എൽഡിഎഫിനൊപ്പം നിൽക്കാതെ ബിജെപിയെ കോൺഗ്രസ് പിന്തുണയ്ക്കുകയാണെന്നും യെച്ചൂരി പറഞ്ഞു. ഇ എം എസ് പഠന ഗവേഷണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ‘ഇ എം എസ് സ്മരണയ്ക്ക് കാൽ നൂറ്റാണ്ട്’ എന്ന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മത, രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവർക്കും മനുഷ്യനായി ജീവിക്കാൻ കഴിയുന്ന ഏക സംസ്ഥാനം കേരളമാണ്. രാജ്യത്തെ 80 കോടി ജനങ്ങൾക്ക് സൗജന്യഭക്ഷണം നൽകിയെന്നാണ് മോദിയുടെ അവകാശവാദം. മഹാഭൂരിപക്ഷവും ഒരുനേരത്തെ ആഹാരം ലഭിക്കാത്തവരാണെന്ന ഏറ്റുപറച്ചിലാണത്. കേരളത്തിലെ സ്ഥിതി അതല്ല. അതുകൊണ്ടുതന്നെയാണ് കേന്ദ്രം കേരളത്തോട് ശത്രുതാപരമായി പെരുമാറുന്നതും. ഭരണഘടനാസ്ഥാപനങ്ങളെ ദുരുപയോഗിച്ചും അവർ പകപോക്കുന്നു. ഒമ്പതുവർഷത്തിനിടെ 3554 കേസുകളാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എടുത്തത്. 95 ശതമാനവും രാഷ്ട്രീയ എതിരാളികൾക്കെതിരെ. ശിക്ഷിക്കപ്പെട്ടത് 23 കേസുകളിൽ മാത്രം. ബിജെപിയിൽ ചേർന്നാൽ കേസുകൾ ഇല്ലാതാകുന്നതും കണ്ടു.
കോൺഗ്രസ് നയങ്ങളോടുള്ള എതിർപ്പ് തുടരുമ്പോൾ തന്നെ ഹിന്ദുത്വ രാഷ്ട്രവാദികളെ തുറന്ന് എതിർക്കേണ്ടതിന്റെ ആവശ്യകത ഇഎംഎസ് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യ പ്രക്ഷോഭത്തിന്റെ തുടർച്ചയായി തന്നെയാണ് അതിനായുള്ള പോരാട്ടം ഏറ്റെടുത്തത്. സാമ്രാജ്യത്വത്തിന്റെയും കോർപറേറ്റ് കുത്തകകളുടെയും പിന്തുണ ഹിന്ദുത്വശക്തികൾക്കുണ്ട്. ഒരുപറ്റം മാധ്യമങ്ങളും അവർക്കൊപ്പമാണ്. ‘മോദിയും അദാനിയുമാണ് ഇന്ത്യ’ എന്ന പ്രചാരണം ‘ഇന്ദിരയാണ് ഇന്ത്യ’ എന്ന മുദ്രാവാക്യം പോലെ തകരുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു. ഇ എം എസ് പഠന ഗവേഷണ കേന്ദ്രം ചെയർമാൻ സി എൻ മോഹനൻ അധ്യക്ഷനായി. സെക്രട്ടറി സി എം ദിനേശ്മണി സ്വാഗതവും പി എൻ സീനുലാൽ നന്ദിയും പറഞ്ഞു. മേയർ എം അനിൽകുമാർ പ്രസംഗം പരിഭാഷപ്പെടുത്തി. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എസ് ശർമ, എസ് സതീഷ്, കാലടി സർവകലാശാല മുൻ വിസി ഡോ. ധർമ്മരാജ് അടാട്ട്, കെ വി തോമസ് എന്നിവർ സന്നിഹിതരായി.