തിരുവനന്തപുരം> വർഗീയതയ്ക്കെതിരെയും വികസനത്തിനും ജനകവചമൊരുക്കി സിപിഐ എം ജനകീയ പ്രതിരോധ ജാഥയ്ക്ക് തലസ്ഥാനമണ്ണിൽ പ്രോജ്വല സമാപനം. വർഗീയ–ഫാസിസത്തിനെതിരായ ചെറുത്തുനിൽപ്പിനുള്ള ദൃഢപ്രതിജ്ഞ മലയാളി മനസ്സുകളിലേക്കാവാഹിച്ചും കേരളത്തിന്റെ പുത്തൻ വികസനമാതൃക സംവാദത്തിനായി തുറന്നുവച്ചും കേന്ദ്രത്തിന്റെ നെറികേടുകൾ തുറന്നുകാട്ടിയും സമാനതകളില്ലാത്ത രാഷ്ട്രീയചരിത്രമെഴുതിയാണ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിച്ച മഹായാത്രയ്ക്ക് സമാപനമായത്.
നവകേരളമുന്നേറ്റത്തിനായി ജനകവചം തീർക്കുകയായിരുന്നു ജാഥ. അത്യുത്തര കേരളത്തിന്റെ മണ്ണിൽ മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് ഏറ്റുവാങ്ങിയ ചെങ്കൊടിയേന്തി മലനാടും ഇടനാടും തീരദേശവും താണ്ടിയെത്തിയ ജാഥയുയർത്തിയ മുദ്രാവാക്യങ്ങൾ ഇനിയങ്ങോട്ടുള്ള പോരാട്ടങ്ങൾക്ക് ആശയക്കരുത്തും ആയുധമുനയുമാകും.
ഇരുപത്തേഴ് ദിനരാത്രം താണ്ടി 140 നിയോജക മണ്ഡലത്തിലെ ദശലക്ഷങ്ങളിൽ പ്രതിരോധത്തിന്റെ ഉരുക്കുകോട്ട കെട്ടിയാണ് ജാഥ പുത്തരിക്കണ്ടം മൈതാനിയിലെ മഹാറാലിയിൽ ലയിച്ചത്. ജനപക്ഷ ഇടതുബദൽ മുന്നോട്ടുവയ്ക്കുന്ന പിണറായി സർക്കാരിനൊപ്പമാണ് തങ്ങളെന്ന് സ്വീകരണ കേന്ദ്രങ്ങളിൽ തടിച്ചുകൂടിയ ജനസഞ്ചയം വിളിച്ചോതി. കേരളവികസനത്തിന് തടയിടുന്ന കേന്ദ്ര സർക്കാരിനും കേരളത്തിലെ പ്രതിപക്ഷത്തിനും നുണക്കഥകളാൽ ഇടതുപക്ഷത്തെയും സിപിഐ എമ്മിനെയും കൊത്തിവലിക്കാൻ ശ്രമിക്കുന്ന മാധ്യങ്ങൾക്കുമൊപ്പം കേരളമില്ലെന്ന് ജനലക്ഷങ്ങൾ ഉറപ്പിച്ചു.
പതിനാല് ജില്ലയും കടന്നെത്തിയ ജാഥാ ക്യാപ്റ്റൻ എം വി ഗോവിന്ദനെയും ജാഥാംഗങ്ങളായ പി കെ ബിജു, സി എസ് സുജാത, എം സ്വരാജ്, കെ ടി ജലീൽ, ജെയ്ക്ക് സി തോമസ് എന്നിവരെയും തലസ്ഥാന നഗരി വീരോചിതം വരവേറ്റു. പതിനായിരങ്ങൾ അണിനിരന്ന പ്രകടനത്തിന്റെയും ചുവപ്പുവളന്റിയർ മാർച്ചിന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയിൽ ക്യാപ്റ്റനെയും സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെയും തുറന്ന വാഹനത്തിൽ മഹാസമ്മേളന വേദിയിലേക്കാനയിച്ചു. ലക്ഷംകടന്ന ജനസഞ്ചയം അണിനിരന്ന മഹാറാലി സീതാറാം യെച്ചൂരി ഉദ്ഘാടനംചെയ്തു. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി. എം വി ഗോവിന്ദൻ സംസാരിച്ചു. പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി, മുതിർന്ന നേതാവ് എസ് രാമചന്ദ്രൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.