തിരുവനന്തപുരം> കേരള സന്ദർശനത്തിനുശേഷം രാഷ്ട്രപതി ദ്രൗപതി മുർമു ലക്ഷദ്വീപിലേക്കു തിരിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്നിക്കൽ ഏരിയയിൽനിന്നു വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ശനിയാഴ്ച ഉച്ചയ്ക്കാണ് ലക്ഷദ്വീപിലേക്ക് പോയത്.
ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി ആന്റണി രാജു, മേയർ ആര്യാ രാജേന്ദ്രൻ തുടങ്ങിയവർ ചേർന്ന് യാത്രയാക്കി. ലക്ഷദ്വീപ് സന്ദർശനത്തിനുശേഷം ചൊവ്വാഴ്ച ഉച്ചയ്ക്ക് കേരളത്തിലെത്തുന്ന രാഷ്ട്രപതി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഡൽഹിയിലേയ്ക്ക് മടങ്ങും.
ശനിയാഴ്ച രാവിലെ രാഷ്ട്രപതിയും കുടുംബാംഗങ്ങളും കന്യാകുമാരി സന്ദർശിച്ചിരുന്നു. മടങ്ങിയെത്തി ഉച്ചഭക്ഷണത്തിനുശേഷമാണ് ലക്ഷദ്വീപിലേക്കു തിരിക്കുന്നത്.