കൊച്ചി> സ്വർണവില വീണ്ടും കുതിച്ചുയർന്നു. സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി പവന് 44,000 രൂപ കടന്നു. ശനിയാഴ്ച പവന് 1200 രൂപയാണ് കൂടിയത്. പവന് 44,240 രൂപയും ഗ്രാമിന് 150 രൂപ വർധിച്ച് 5530 രൂപയുമായി. ഒമ്പതുദിവസത്തിനിടെ പവന് 3520 രൂപയാണ് കൂടിയത്. ഒരുപവൻ ആഭരണം വാങ്ങാൻ പണിക്കൂലിയും ജിഎസ്ടിയും ചേർത്ത് കുറഞ്ഞത് 47,845 രൂപ നൽകണം.
യുഎസിലെ ബാങ്ക് തകർച്ചകൾ സൃഷ്ടിച്ച ആശങ്കയിൽ അന്താരാഷ്ട്രവിപണിയിൽ സ്വർണവില കുത്തനെ ഉയർന്നതാണ് വില വർധനയ്ക്ക് പ്രധാന കാരണം. അന്താരാഷ്ട്രവിപണിയിൽ എണ്ണവില തുടർച്ചയായി ഇടിയുന്നതും 2008നു സമാനമായ മാന്ദ്യം വരുമെന്ന ആശങ്കയിൽ നിക്ഷേപകർ വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നതും വിലവർധനയ്ക്ക് കാരണമാണ്.
അന്താരാഷ്ട്രവിപണിയിൽ ഈമാസം 10ന് 82.78 ഡോളറിലായിരുന്ന എണ്ണവില വെള്ളിയാഴ്ച 72.97 ഡോളറിലേക്കാണ് കൂപ്പുകുത്തിയത്. 2022 ഡിസംബർ ഒമ്പതിനുശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണിത്.