കൊച്ചി> കേരള മത്സ്യ, സമുദ്രപഠന സർവകലാശാലയിലെ (കുഫോസ്) അധ്യാപകനിയമനത്തിന് ഉയർന്ന യോഗ്യത ഏർപ്പെടുത്തിയ സർക്കാർ നടപടി ഹൈക്കോടതി ശരിവച്ചു. വിദ്യാഭ്യാസമേഖലയിൽ കേന്ദ്രനിയമങ്ങൾക്ക് വിരുദ്ധമല്ലാത്ത നിയമങ്ങൾ കൊണ്ടുവരാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് അപേക്ഷിക്കാൻ ഉയർന്ന യോഗ്യത ഏർപ്പെടുത്തി സർവകലാശാല നിയമത്തിൽ 2021ൽ വരുത്തിയ ഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാർഥിയായ ഡോ. ഉഷ വി പരമേശ്വരൻ അടക്കം 10 പേർ നൽകിയ ഹർജി തള്ളിയാണ് ജസ്റ്റിസ് സതീഷ് നൈനാന്റെ ഉത്തരവ്.
2018ലെ യുജിസി ചട്ടമനുസരിച്ച് ഇന്ത്യയിലെ ഏതെങ്കിലും സർവകലാശാലയിൽനിന്നോ അംഗീകൃത വിദേശ സർവകലാശാലയിൽനിന്നോ ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ മൂന്ന്, രണ്ട് പാറ്റേണിൽ ബിരുദാനന്തരബിരുദമാണ് അധ്യാപകനിയമനത്തിന് മിനിമം യോഗ്യത. ഈ മിനിമം യോഗ്യത നിലനിർത്തി, ഫിഷറീസ് സയൻസിൽ നാലുവർഷത്തെ ബിരുദവും ബിരുദാനന്തര ബിരുദവും കാർഷിക ഗവേഷണ കൗൺസിൽ അംഗീകാരമുള്ള കോഴ്സുകളും ഉയർന്ന യോഗ്യതയായി നിശ്ചയിച്ച് സർവകലാശാലാ നിയമത്തിൽ സർക്കാർ ഭേദഗതി വരുത്തി.
എന്നാൽ, ഇതിന് സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നും അത് അസാധുവാക്കണമെന്നും 2018ലെ യുജിസി ചട്ടമനുസരിച്ചാണ് നിയമനം നടത്തേണ്ടതെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. ഇത്തരമൊരു ഉയർന്ന യോഗ്യത ഏർപ്പെടുത്തിയാൽ കുഫോസിൽ പഠിച്ചവർക്കുമാത്രമേ അപേക്ഷിക്കാനാകൂ എന്നും ബന്ധപ്പെട്ട വിഷയത്തിൽ മറ്റ് സർവകലാശാലകളിൽനിന്ന് ബിരുദം നേടിയവർക്ക് അപേക്ഷിക്കാനാകില്ലെന്നും ഇത് വിവേചനമാണെന്നും ഹർജിക്കാർ വാദിച്ചു. എന്നാൽ നിയമഭേദഗതി യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമല്ലെന്ന് കോടതി വ്യക്തമാക്കി.
യുജിസി ചട്ടമനുസരിച്ചുള്ള മിനിമം യോഗ്യത നിലനിർത്തിയിട്ടുണ്ടെന്നും പാഠ്യപദ്ധതിയുടെ ഗുണനിലവാരം ഉയർത്താനാണ് ഉയർന്ന യോഗ്യത നിശ്ചയിച്ച് ഭേദഗതി വരുത്തിയതെന്നും സർക്കാരും സർവകലാശാലയും വ്യക്തമാക്കി.
കെടിയു സിൻഡിക്കറ്റ് യോഗം 23ന്
കേരള സാങ്കേതിക സർവകലാശാലയുടെ (കെടിയു) സിൻഡിക്കറ്റ് യോഗം 23ന് ചേരും. ഭരണനടപടി സുതാര്യമാക്കാൻ സിൻഡിക്കറ്റും ബോർഡ് ഓഫ് ഗവർണേഴ്സും എടുത്ത തീരുമാനം സസ്പെൻഡ് ചെയ്ത ഗവർണറുടെ നടപടി ഹൈക്കോടതി റദ്ദാക്കിയതോടെയാണ് തീരുമാനം. ഉത്തരവിന്റെ പകർപ്പ് ലഭിച്ചശേഷമാകും തുടർനടപടിയിലേക്ക് കടക്കുക.
സിൻഡിക്കറ്റ് ഉപസമിതി, ഗവർണർക്ക് വിസി അയക്കുന്ന കത്തുകൾ സിൻഡിക്കറ്റിന് റിപ്പോർട്ട് ചെയ്യണമെന്ന സ്റ്റാറ്റ്യൂട്ടറി വ്യവസ്ഥ, നിയമവിരുദ്ധമായി ജീവനക്കാരെ മാറ്റിയ വിസിയുടെ നടപടി തടയുക തുടങ്ങിയവയാണ് ഗവർണർ ഏകപക്ഷീയമായി റദ്ദാക്കിയത്. ചാൻസലർ സർവകലാശാലയോട് വിശദീകരണം ചോദിക്കുകയോ സർക്കാരുമായി കൂടിയാലോചിക്കുകയോ ചെയ്യണമെന്ന ചട്ടവും ലംഘിക്കപ്പെട്ടു.
ഗവർണറുടെ നടപടി ചോദ്യംചെയ്ത് സിൻഡിക്കറ്റ് അംഗം ഐ ബി സതീഷ് എംഎൽഎ നൽകിയ ഹർജി പരിഗണിച്ചായിരുന്നു ജസ്റ്റിസ് സതീഷ് നൈനാന്റെ ഉത്തരവ്.