കൊച്ചി > മലപ്പുറത്ത് വച്ച് മുസ്ലിം ലീഗ് സിറ്റിംഗ് എംഎല്‍എയുമായി അടക്കം ആർഎസ്എസ് ചര്‍ച്ച നടത്തിയെന്ന് പ്രാന്ത കാര്യവാഹക് പി എൻ ഈശ്വരൻ കൊച്ചിയിൽ പറഞ്ഞു. മുസ്ലിം ലീഗിനെ ജനാധിപത്യ പാർട്ടിയായാണ് കാണുന്നതെന്നും തീവ്രവാദ പാർട്ടികളുടെ നിലപാട് ഉണ്ടെന്ന് കരുതുന്നില്ലെന്നും ഈശ്വരൻ പറഞ്ഞു.
ഡൽഹിയിൽ ചർച്ച നടത്തിയത് ജമാഅത്തെ ഇസ്ലാമിയുമായല്ല. ചർച്ചയ്ക്കെത്തിയ മുസ്ലിം ബുദ്ധിജീവി സംഘത്തിൽ ജമാഅത്തെ ഇസ്ലാമി പ്രതിനിധിയും ഉണ്ടായിരുന്നു. ജമാഅത്തെ ഇസ്ലാമിയുമായി തുറന്ന ചർച്ച അവരുടെ തീവ്ര നിലപാടുകളിൽ മാറ്റമുണ്ടായാൽ മാത്രമേ ഉണ്ടാവുകയുള്ളൂവെന്നും പി എന്‍ ഈശ്വരന് പറഞ്ഞു.
കേരളത്തിലെ ക്രിസ്ത്യൻ സഭകളുമായി ചർച്ചയ്ക്ക് തയ്യാറാണ്. ക്രിസ്ത്യൻ സമൂഹത്തിനിടയിൽ ആർഎസ്എസിനെ കുറിച്ച് ഭയമില്ല. സഭാ നേതൃത്വവുമായുള്ള ആശയ വിനിമയത്തിനായി സംസ്ഥാന – ജില്ലാതലത്തിൽ പ്രത്യേക സംവിധാനത്തിന് രൂപം നൽകിയതായും ആർഎസ്എസ് നേതാവ് വെളിപ്പെടുത്തി.