കൊച്ചി
യുവ സംവിധായകൻ അചൽ മിശ്രയുടെ മൈഥിലി ഭാഷയിലുള്ള സിനിമകൾ ശനിയും ഞായറും ബിനാലെയിൽ പ്രദർശിപ്പിക്കും. ഫോർട്ട് കൊച്ചി കബ്രാൾ യാർഡ് പവിലിയനിൽ രാത്രി ഏഴരയ്ക്കാണ് പ്രദർശനം. തുടർന്ന് സംവിധായകനുമായി മുഖാമുഖവും നടക്കും. ‘ദുയീൻ’ ആണ് ശനിയാഴ്‌ചത്തെ ചിത്രം. 2019 മാമി മുംബൈ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ സിനിമയിലെ പുതുശബ്ദത്തിനുള്ള മനീഷ് ആചാര്യ അവാർഡ് കരസ്ഥമാക്കിയ ‘ഗമക് ഘർ’ ഞായറാഴ്‌ച പ്രദർശിപ്പിക്കും. ഇരുചിത്രങ്ങളും ന്യൂയോർക്കിലെ മോഡേൺ ആർട്ട് മ്യൂസിയത്തിൽ നേരത്തേ പ്രദർശിപ്പിച്ചിട്ടുണ്ട്. മുംബൈയിൽ താമസമാക്കിയ ബിഹാറിലെ ദർഭംഗ സ്വദേശി അചൽ മിശ്ര ഫോട്ടോഗ്രാഫറുമാണ്.
ശനി രാവിലെ ഏഴുമുതൽ കൊച്ചി നഗരത്തിന്റെ ചരിത്രവും പൗരാണിക വാസ്‌തുവിദ്യയും അന്വേഷിക്കുന്ന പൈതൃക–-കല പദയാത്ര നടക്കും. ഫോർട്ട് കൊച്ചി ജെട്ടിയിൽനിന്ന് ആരംഭിക്കും. ഫോർട്ട് കൊച്ചിയിലെ 13, മട്ടാഞ്ചേരിയിലെ 12 ചരിത്രകേന്ദ്രങ്ങൾ സന്ദർശിക്കും. ബിനാലെ ഫൗണ്ടേഷനും കോ എർത്ത് ഫൗണ്ടേഷനും ചേർന്നാണ് യാത്ര സംഘടിപ്പിക്കുന്നത്. ആർക്കിടെക്റ്റ് അസ്‌ന പർവീൺ നയിക്കുന്ന യാത്ര വൈകിട്ട് നാലിന് സമാപിക്കും. കോഴിക്കോട് എൻഐടിയിൽ അഡ്‌ഹോക് അസിസ്റ്റന്റ് പ്രൊഫസറാണ് അസ്‌ന.
ശനിയും ഞായറും രാവിലെ പത്തുമുതൽ അഞ്ചുവരെ കബ്രാൾ യാർഡ് ആർട്ട് റൂമിൽ ‘ആർത്തവവും അപ്പുറവും’ വിഷയത്തിൽ ചർച്ച നടക്കും. സസ്‌റ്റൈനബിൾ മെൻസ്ട്രുവേഷൻ കേരള കലക്റ്റീവ് സ്ഥാപക പ്രചാരകരിൽ ഉൾപ്പെട്ട പി എസ് ബബിതയുടെ നേതൃത്വത്തിലാണ് ചർച്ച. ശുചിത്വം ഉൾപ്പെടെ വസ്‌തുതാപരമായ വിശകലനമാണ് ചർച്ചയിൽ ലക്ഷ്യമിടുന്നത്.
ബിനാലെയുടെ ഭാഗമായി ഫോർട്ട്കൊച്ചി കബ്രാൾയാർഡ് പവിലിയനിൽ സംഗീതജ്ഞ രജനി ശ്രീധർ അവതരിപ്പിച്ച ‘ഗംഗ / ദി ജേർണി’ കർണാട്ടിക് സംഗീതപരിപാടിയിൽനിന്ന്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..