തിരുവനന്തപുരം> പ്രതിപക്ഷ ബഹളത്തെ തുടർന്ന് ചോദ്യോത്തരവേള റദ്ദാക്കി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ശ്രദ്ധക്ഷണിക്കല്‍ സബ്മിഷന് മറുപടികള്‍ സഭയുടെ മേശപ്പുറത്ത് വച്ചു. ഇന്നലെ സഭയിലുണ്ടായ സംഭവങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം.
ഇന്നലെ സഭയ്ക്ക് അകത്തും പുറത്തും ഉണ്ടായത് നിര്‍ഭാഗ്യകരമായ സംഭവമാണെന്നും കേരള ചരിത്രത്തില്‍ ഉണ്ടാകാന്‍ പാടില്ലാത്ത സംഭവമാണുണ്ടായതെന്നും സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു. ഇന്നലെ നടന്നത് ഗൗരവകരമായ സംഭവമാണെന്നും കക്ഷി നേതാക്കളുടെ യോഗം വിശദമായി അത് പരിശോധിച്ചിട്ടുണ്ടെന്നും സ്പീക്കര്‍ വ്യക്തമാക്കി. സഭയുടെ നടത്തിപ്പിന് സഹകരിക്കണമെന്ന് പ്രതിപക്ഷത്തോട് സ്പീക്കര്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പ്രതിപക്ഷം സഭയില്‍ ബഹളമുണ്ടാക്കിയത്.
സ്പീക്കറുടെ ഓഫീസിന് മുന്നിൽ പ്രതിപക്ഷം ഇന്നലെ നടത്തിയത് ഉപരോധ സമരം തന്നെയെന്ന് സ്പീക്കർ എഎൻ ഷംസീർ സഭയിൽ പറഞ്ഞു. പ്രതിഷേധിക്കാന്‍ പ്രതിപക്ഷത്തിന് അവകാശമുണ്ട്. പക്ഷേ അതിലേക്കുള്ള മാര്‍ഗ്ഗം ശരിയായില്ലെന്നും അത്തരം പ്രതിഷേധങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു
എന്നാൽ തങ്ങൾ നടത്തിയത് സത്യാഗ്രഹ സമരമാണെന്നും വാച്ച് ആന്റ് വാർഡ് പ്രോകപനമില്ലാതെ പ്രതിപക്ഷ അംഗങ്ങളെ ആക്രമിക്കുകയാണ് ഉണ്ടായതെന്നുമാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്.