കോട്ടയം> മാലിന്യ നിർമാർജന പദ്ധതികളുടെ ഭാഗമായി ബയോമൈനിങ്ങിന് കൊച്ചി കോർപറേഷൻ കോൺട്രാക്ട് നൽകിയ കാര്യത്തിൽ മുൻ മേയർ ടോണി ചമ്മിണി സത്യവിരുദ്ധവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ ഉന്നയിച്ചതിനെതിരെ സിപിഐ എം മുതിർന്ന നേതാവ് വൈക്കം വിശ്വൻ വക്കീൽ നോട്ടീസ് അയച്ചു.
സത്യവിരുദ്ധമായ കാര്യങ്ങൾ ടോണി ചമ്മിണി മനപ്പൂർവ്വം മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ്. ഇപ്രകാരമുള്ള വ്യാജ പ്രചാരണങ്ങൾ തന്റെ രാഷ്ട്രീയ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തുന്നതും വ്യക്തിഹത്യ ചെയ്യുന്നതുമാണെന്ന് അഡ്വ. വി ജയപ്രകാശ് വഴി അയച്ച നോട്ടീസിൽ വൈക്കം വിശ്വൻ വ്യക്തമാക്കി.
കോർപറേഷൻ കോൺട്രാക്ട് നൽകിയത് യോഗ്യതയില്ലാത്ത കമ്പനിക്കാണെന്നും സിപിഐ എം മുൻ കേന്ദ്രകമ്മിറ്റി അംഗമെന്ന സ്വാധീനത്തിൽ മരുമകന് കരാർ നേടിക്കൊടുത്തുവെന്നും സത്യവിരുദ്ധമായ ആരോപണമാണ് ടോണി ചമ്മിണി ഉന്നയിക്കുന്നത്. 14 ദിവസത്തിനുള്ളിൽ ഈ പ്രസ്താവനകൾ തിരുത്തി പരസ്യമായി മാപ്പുപറഞ്ഞ് ഒരു കോടി രൂപ നഷ്ടപരിഹാരവും നൽകണം. ഇല്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് നോട്ടീസിലൂടെ അറിയിച്ചു.
ഏഴുപതിറ്റാണ്ടായി പൊതുരംഗത്ത് സജീവമായുള്ള വൈക്കം വിശ്വൻ സംശുദ്ധ വ്യക്തിത്വത്തിന് ഉടമയാണ്. വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ എൽഡിഎഫ് കൺവീനറുമായിരുന്നു. എംഎൽഎയായും പ്രവർത്തിച്ചിട്ടുണ്ട്. കരാറുമായി ബന്ധമില്ലാതിരുന്നിട്ടും അദ്ദേഹത്തിന്റെ രാഷ്ട്രീയ ശോഭയിൽ കരിനിഴൽ വീഴ്ത്തുകയാണ് ടോണി ചമ്മിണി ചെയ്തതെന്നും നോട്ടീസിൽ പറയുന്നു.