കൊല്ലം> എംപിമാർക്കുള്ള പ്രാദേശിക വികസനഫണ്ടിൽ(എം പി ലാഡ്സ്) മോദി സർക്കാർ കൊണ്ടുവന്ന ജനവിരുദ്ധ നിർദ്ദേശങ്ങൾ ഇടതുപക്ഷ എംപിമാരുടെ ശക്തമായ പ്രതിഷേധം ഉയർത്തിയതിനെ തുടർന്ന് ഉപേക്ഷിക്കാൻ മോദി സർക്കാർ നിർബന്ധിതരായെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാർലമെന്റിൽ ഇടതുപക്ഷ എംപിമാർ കുറവാണെങ്കിലും ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ അവർ മാത്രമേ ഉണ്ടാകൂ എന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നെന്നും ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി പുനലൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
എംപിഫണ്ടിൽ നിന്നും 15 ശതമാനം പട്ടികജാതി വിഭാഗങ്ങൾക്കും 7.5 ശതമാനം പട്ടിക വർഗവിഭാഗങ്ങൾക്കും ചെലവാക്കണമെന്ന മുൻ മാർഗനിർദ്ദേശത്തിൽ വെള്ളം ചേർത്ത നടപടിയാണ് ഇന്നലെ പിൻവലിക്കാൻ കേന്ദ്രം നിർബന്ധിതമായത്. ഇതോടൊപ്പം എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് എംപി ഫണ്ടിൽ നിന്നും സഹായം നൽകരുതെന്ന നിബന്ധന പിൻവലിക്കാനും മോദി സർക്കാർ തീരുമാനിച്ചു. സഹകരണസ്ഥാപനങ്ങൾക്കും ഇനി എംപി ഫണ്ടിൽ നിന്നും സഹായം നൽകാമെന്ന പുതിയ തീരുമാനവും കേന്ദ്രം കൈകൊണ്ടിരിക്കുകയാണ്.
എന്നാൽ ഫണ്ട് വിനിയോഗം കലക്ടറുടെ നേതൃത്വത്തിലുള്ള സമിതിക്ക് പകരം കേന്ദ്ര ഏജൻസിയെന്ന ഫെഡറൽ വിരുദ്ധ നടപടി പിൻവലിക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല. കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാരിൽ ഒരാൾ പോലും ഇതേക്കുറിച്ച് പ്രതിഷേധം ഉയർത്താൻ തയ്യാറായാകാത്തത് ജനതാൽപര്യം സംരക്ഷിക്കാനും മോദി സർക്കാരിനെതിരെ പൊരുതാനും കോൺഗ്രസിന് കഴിയില്ലെന്ന് ആവർത്തിച്ച് തെളിയിക്കുന്നതാണ്.
എംപി ഫണ്ട് സംബന്ധിച്ച മാർഗ നിർദ്ദേശങ്ങളിൽ കഴിഞ്ഞ ദിവസമാണ് കേന്ദ്രം മാറ്റം വരുത്തിയത്. എംപിമാർക്ക് വർഷം തോറും നൽകുന്ന 5 കോടി വികസനഫണ്ടിൽ നിന്നും 15 ശതമാനം പട്ടികജാതി വിഭാഗങ്ങളും 7.5 ശതമാനം പട്ടിവർഗ വിഭാഗങ്ങളും കുടുതലായി വസിക്കുന്ന പ്രദേശങ്ങളിൽ ചെലവാക്കണമെന്ന നിബന്ധനയാണ് പുതിയ മാർഗനിർദ്ദേശത്തിൽ നിന്നും ഒഴിവാക്കിയത്. അതുപോലെ തന്നെ എയ്ഡഡ് സ്ഥാപനങ്ങൾക്ക് സഹായം നൽകാൻ പാടില്ലെന്നും നിർദേശം ഉണ്ടായിരുന്നു. ഇത് കേരളത്തിലെ വിദ്യാഭ്യാസമേഖലയെ ദോഷകരമായി ബാധിക്കുമെന്ന് താൻ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
വിദേശത്ത് മോദി സർക്കാരിനെ വിമർശിച്ചതിന് രാഹുൽഗാന്ധി മാപ്പു പറയണം എന്നാവശ്യപ്പെട്ട് പാർലമെന്റ് ബിജെപി തടസ്സപ്പെടുത്തുമ്പോൾ അതിനെ ചെറുക്കാൻ പൊലും കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാരെ കാണാനില്ലെന്ന മാധ്യമവാർത്ത അവരുടെ ബിജെപി ബാന്ധവമാണ് കാണിക്കുന്നത്.
ബിജെപിക്കെതിരെ പൊരുതുന്നതിനേക്കാൾ ഗ്രൂപ്പ്പോരിലാണ് കോൺഗ്രസിന് താൽപര്യം എന്നാണ് മാധ്യമ വാർത്ത. കേരളത്തിലെ എറ്റവും വലിയ മതനിരപേക്ഷ പ്രസ്ഥാനമായ സിപിഐഎമ്മിനെയും എൽഡിഎഫ് സർക്കാരിനെയും നിയമസഭക്കകത്തും പുറത്തും കടിച്ചുകീറാൻ ഉപയോഗിക്കുന്ന ഊർജത്തിന്റെ ഒരംശമെങ്കിലും മോദി സർക്കാരിനെ കടിച്ചുകീറാൻ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ തയ്യാറാകാത്തതിന്റെ രാഷ്ട്രീയം, പ്രബുദ്ധരായ മലയാളികൾക്ക് എളുപ്പം മനസ്സിലാക്കാൻ കഴിയും. ബിജെപി വളർന്നാലും സാരമില്ല സിപിഐ എമ്മും ഇടതുപക്ഷവും തകർന്നാൽ മതിയെന്ന ചിന്താഗതിയാണ് സുധാകരൻ നേതൃത്വം നൽകുന്ന കേരളത്തിലെ കോൺഗ്രസിനുള്ളത്.
രാജ്യത്ത് മുസ്ലീങ്ങളെ അടിച്ചുകൊല്ലാനും കൂട്ടക്കൈാല ചെയ്യാനും ആഹ്വാനം ചെയ്യുന്ന സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ലോകത്തിലെ എറ്റവും വലിയ ഭീകരവാദപ്രസ്ഥാനമായ താലിബാനെ പഠിപ്പിക്കാൻ തയ്യാറാകുന്നതിന് പിന്നിലുള്ള ലക്ഷ്യമെന്താണ് എന്നറിയാൻ താൽപര്യമുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
തങ്ങൾ ഭീകരവാദത്തിനെതിരെയാണെന്ന് നാഴികക്ക് നാൽപ്പതുവട്ടം പറയുന്ന മോദി സർക്കാരാണ് അഫ്ഗാനിസ്ഥാനിലെ ഭീകരവാദ ഭരണകൂടവുമായി ചങ്ങാത്തം സ്ഥാപിക്കുന്നത്. വിദേശമന്ത്രാലത്തിന്റെ ക്ഷണപ്രകാരമാണ് താലിബാൻ കോഴിക്കോട് ഐഐഎം നടത്തുന്ന കോഴ്സിൽ ചേർന്നതെന്നാണ് മാധ്യമ വാർത്ത. ഭീകരവാദികൾ ഭീകരവാദികളെ സഹായിക്കുമെന്ന സിപിഐ എഎമ്മിന്റെ വിശകലനം ശരിയാണെന്ന് ആവർത്തിച്ച് വ്യക്തമാക്കുന്നതാണ് ആർഎസ്എസ് നയിക്കുന്ന മോദി സർക്കാരും താലിബാനും തമ്മിലുള്ള ബന്ധം. അടുത്ത ദിവസമാണ് ജമാഅത്തെ ഇസ്ലാമിയും ആർഎസ്എസും തമ്മിൽ ചർച്ച നടന്നത്.
സ്ത്രീകൾക്ക് സ്വാതന്ത്ര്യം നൽകരുതെന്ന് ഉൾപ്പെയെുള്ള കാര്യങ്ങളിൽ ആർഎസ്എസിനും താലിബാനും മറ്റും ഒരേ ആശയപദ്ധതിയാണുള്ളത്. ഇന്നലെ പാനിപ്പത്തിൽ സമാപിച്ച ആർഎസ്എസിന്റെ പ്രതിനിധി സഭ സ്ത്രീകൾക്ക് അംഗത്വം നൽകേണ്ടതില്ല എന്ന തീരുമാനം ശരിവെച്ചതും ഇതോടൊപ്പം ചേർത്തുവായിക്കണമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് സൃഷ്ടിക്കുന്ന വിവാദങ്ങൾക്കിടയിലും നാടിന്റെ വികസനത്തിനുള്ള പദ്ധതികളാവിഷ്ക്കരിചച്ച് മുന്നോട്ടുപോകുന്ന പിണറായി സർക്കാർ അഭിനന്ദമർഹിക്കുന്നെന്നും തീരദേശ പാത വികസനത്തിനുള്ള സമഗ്ര പാക്കേജും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധിക ഭൂമിയിൽ വിദ്യാഭ്യാസവുമായി ബന്ധപ്പെടുത്തികൊണ്ട് വ്യവസായപാർക്ക് ആരംഭിക്കവനുമുള്ള തീരുമാനം ഇതിന്റെ സാക്ഷ്യപത്രമാണെന്നും അദ്ദേഹം പഞ്ഞു.