തിരുവനന്തപുരം
ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിലുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ വിദഗ്ധസമിതി പഠിക്കും. ഇതിന്റെ ഭാഗമായി സമഗ്ര റിപ്പോർട്ട് നൽകാൻ ആരോഗ്യവകുപ്പിലെ സമിതിയെ ചുമതലപ്പെടുത്തുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. വിഷയത്തിൽ സംസ്ഥാനത്തെയും പുറത്തെയും വിവിധ മേഖലയിലെ ആരോഗ്യവിദഗ്ധരുമായി ചർച്ച നടത്തിയിട്ടുണ്ട്. പുക ശ്വസിച്ച് മരണമുണ്ടായതായി പരാതിയുള്ള സംഭവത്തിൽ ഡെത്ത് ഓഡിറ്റ് നടത്തുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
എറണാകുളം കാക്കനാട് കുടുംബാരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ സ്പെഷ്യാലിറ്റി റെസ്പോൺസ് സെന്റർ ആരംഭിച്ചു. വിവിധ മെഡിക്കൽ കോളേജുകളിലെ മെഡിസിൻ, പൾമണോളജി, ഓഫ്താൽമോളജി, പീഡിയാട്രിക്, ഡെർമറ്റോളജി എന്നീ വിഭാഗം ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. എക്സ്റേ, അൾട്രാസൗണ്ട് സ്കാനിങ്, എക്കോ, കാഴ്ചപരിശോധന എന്നീ സേവനങ്ങൾ ലഭ്യമാണ്. എല്ലാ അർബൻ ഹെൽത്ത് സെന്ററുകളിലും ശ്വാസ് ക്ലിനിക്കുകളും ആരംഭിച്ചു. പ്രതിപക്ഷ നേതാവ് അവാസ്തവമായ കാര്യങ്ങൾ ആവർത്തിക്കുന്നത് നിർഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ സർവേ : ശേഖരിച്ചത് 1576 പേരുടെ വിവരം
ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ വായുമലിനീകരണം ഉണ്ടായ സ്ഥലങ്ങളിൽ ആരോഗ്യവകുപ്പിന്റെ ആരോഗ്യ സർവേ ആരംഭിച്ചു. ചൊവ്വ വൈകിട്ടുവരെ 1576 പേരുടെ വിവരങ്ങളാണ് ശേഖരിച്ചത്. ഇതിൽ 13 ഗർഭിണികൾ, 10 കിടപ്പുരോഗികൾ, മറ്റ് അസുഖങ്ങളുള്ള 501 പേരും ഉൾപ്പെടുന്നു. 1249 പേരാണ് വിവിധ ആരോഗ്യകേന്ദ്രങ്ങളിലും മൊബൈൽ യൂണിറ്റുകളിലും ചികിത്സ തേടിയത്. മൊബൈൽ യൂണിറ്റുകളിലൂടെ 544 പേർക്കാണ് സേവനം നൽകിയത്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആറ് മൊബൈൽ യൂണിറ്റ് ചൊവ്വമുതൽ പ്രവർത്തനം ആരംഭിച്ചു.
ആരോഗ്യ സർവേ നടത്തുന്ന ആശാ പ്രവർത്തകർക്കുള്ള പരിശീലനപരിപാടി പൂർത്തിയായി. മൂന്ന് ട്രെയിനിങ് പ്രോഗ്രാമിലായി 148 ആശാ പ്രവർത്തകർക്ക് ചൊവ്വാഴ്ചയും പരിശീലനം നൽകി. ഇതോടെ രണ്ടു ദിവസമായി 350 ആശാ പ്രവർത്തകർക്ക് പരിശീലനം നൽകി.















