കൊച്ചി> ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുക ശമിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പൂർണതയിലേക്ക്. അന്തരീക്ഷത്തിലെ പുകയുടെ സാന്നിധ്യത്തിലും കുറവ് രേഖപ്പെടുത്തി. ഏഴു സെക്ടറുകളിൽ രണ്ടിടങ്ങളിലാണ് അവസാനഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. മറ്റു മേഖലകളിലെ തീയും പുകയും പൂർണമായി ശമിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. രാവിലത്തെ അപേക്ഷിച്ച് അന്തരീക്ഷത്തിലെ പുകപടലത്തിൽ വലിയ തോതിലുളള മാറ്റമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
നിലവിൽ അഗ്നി രക്ഷാ സേനയുടെ 18 യൂണിറ്റുകളാണ് ദുരന്തമുഖത്തുള്ളത്. 98 സേനാംഗങ്ങൾക്ക് പുറമേ 16 ഹോം ഗാർഡുകളും സിവിൽ സിഫൻസ് സേനയിലെ 57 പേരും ബ്രഹ്മപുരത്തുണ്ട്. ആരോഗ്യ വകുപ്പിലെയും പൊലീസിലെയും നാല് പേർ വീതമാണ് നിലവിൽ പ്ലാന്റിലുള്ളത്. തീ അണയ്ക്കുന്നതിനായി മൂന്ന് ഹൈ പ്രഷർ പമ്പുകളും 22 എസ്കവേറ്ററുകളുമാണ് ഉപയോഗിക്കുന്നത്. എത്രയും വേഗം പൂർത്തിയാക്കുക എന്ന ഉദ്ദേശത്തോടെ ശക്തമായ രക്ഷാപ്രവർത്തനമാണ് അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ നടന്നു വരുന്നത്.