ക്രൈസ്റ്റ് ചര്‍ച്ച് > ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഫൈനലില്‍. ന്യൂസിലന്റിനോട് ശ്രീലങ്ക തോറ്റതോടെയാണ് ഇന്ത്യ ഫൈനില്‍ എത്തിയത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്ത്യ ഫൈനലില്‍ എത്തുന്നത്.ജൂണ്‍ ഏഴ് മുതല്‍ 11 വരെയാണ് ഫൈനല്‍.
285 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസിലന്റ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയം പിടിക്കുകയായിരുന്നു. ശ്രീലങ്ക ഒന്നാം ഇന്നിങ്സില്‍ 355 റണ്‍സും രണ്ടാം ഇന്നിങ്സില്‍ 302 റണ്‍സും എടുത്തു. ന്യൂസിലന്‍ഡ് 373 റണ്‍സാണ് ഒന്നാം ഇന്നിങ്സില്‍ കണ്ടെത്തിയത്.
മുന്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസന്റെ സെഞ്ച്വറി പ്രകടനമാണ് കിവികളെ വിജയിപ്പിച്ചതില്‍ നിര്‍ണായകമായത്. വില്ല്യംസന് പുറത്താകാതെ 193 പന്തില്‍ 121 റണ്‍സ് അടിച്ചെടുത്തു. 11 ഫോറും ഒരു സിക്സും സഹിതമായിരുന്നു വില്ല്യംസന്റെ കിടിലന്‍ ബാറ്റിങ്. താരം പുറത്താകാതെ നിന്നു. ഡാരില്‍ മിച്ചല്‍ 81 റണ്‍സെടുത്ത് വില്ല്യംസനെ പിന്തുണച്ചു. ടീം വിജയിക്കുമ്പോള്‍ വില്ല്യംസനൊപ്പം നീല്‍ വാഗ്നര്‍ പുറത്താകാതെ നിന്നു.
ശ്രീലങ്കക്കായി രണ്ടാം ഇന്നിങ്സില്‍ അസിത ഫെര്‍ണാണ്ടോ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. പ്രബത് ജയസൂര്യ രണ്ടും കസും രജിത, ലഹിരു കുമാര എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.