കൽപ്പറ്റ
കേരള പ്രീമിയർ ലീഗ് ഫുട്ബോൾ സെമി പോരാട്ടങ്ങൾക്ക് ഇന്ന് വയനാട്ടിലെ കൽപ്പറ്റയിൽ തുടക്കം. എം കെ ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയത്തിൽ രാത്രി 7.30ന് വയനാട് യുണൈറ്റഡ് എഫ്സി കേരള യുണൈറ്റഡ് എഫ്സിയെ നേരിടും. രണ്ടാംപാദം ബുധനാഴ്ച നടക്കും.
ആറ് ടീമുകൾ ഏറ്റുമുട്ടിയ സൂപ്പർ സിക്സിൽ പരാജയമറിയാതെ 11 പോയിന്റ് നേടി ഗ്രൂപ്പ് ജേതാക്കളായാണ് വയനാട് എഫ്സി കളത്തിലിറങ്ങുന്നത്. രണ്ടുവീതം ജയവും പരാജയവും ഒരു സമനിലയുമായി ഏഴ് പോയിന്റായിരുന്നു കേരള യുണൈറ്റഡിന്റെ സമ്പാദ്യം. വൈകിട്ട് 6.30ന് സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി സെമി മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും.
രണ്ടാംസെമിയിൽ നാളെ ഗോകുലം കേരള എഫ്സിയും -കോവളം എഫ്സിയും ഏറ്റുമുട്ടും. രണ്ടാംപാദം വ്യാഴാഴ്ചയാണ്. സൂപ്പർ സിക്സിൽ രണ്ടാംസ്ഥാനത്തെത്തിയ കേരള പൊലീസിനുപകരമാണ് അഞ്ചാമതെത്തിയ കോവളം കളിക്കുന്നത്. ശ്രീനഗറിൽ അഖിലേന്ത്യാ പൊലീസ് ടൂർണമെന്റിനുപോയ പൊലീസ് ടീം സെമി നീട്ടാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കേരള ഫുട്ബോൾ അസോസിയേഷൻ ഇക്കാര്യം തള്ളി. ജനപ്രിയ ടീമായ പൊലീസിനോടുള്ള സമീപനത്തിൽ സമൂഹമാധ്യമങ്ങളിൽ വിമർശനമുണ്ട്. അതിനിടെ ശ്രീനഗറിലുള്ള പൊലീസ് ടീം വായമൂടി പ്രതിഷേധിച്ചു.