മുംബൈ
വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിന് തുടർച്ചയായി നാലാം ജയം. യുപി വാരിയേഴ്സിനെ എട്ട് വിക്കറ്റിന് തോൽപ്പിച്ചു.
സ്കോർ: യുപി 6–-159, മുംബൈ 2–-164 (17.3). എട്ട് പോയിന്റുമായി മുംബൈ ഒന്നാംസ്ഥാനത്താണ്.
ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും (33 പന്തിൽ 53) നാറ്റ് സ്കീവർ ബ്രന്റും (31 പന്തിൽ 45) ചേർന്നാണ് വിജയമൊരുക്കിയത്. ഹർമൻപ്രീത് ഒമ്പത് ഫോറും ഒരു സിക്സറുമടിച്ചു. സ്കീവർ ആറ് ഫോറും ഒരു സിക്സറും കണ്ടെത്തി. ഓപ്പണർമാരായ യസ്തിക ഭാട്യയും (42) ഹെയ്ലി മാത്യൂസും (12) പുറത്തായി.
യുപിക്ക് ഓപ്പണറും ക്യാപ്റ്റനുമായ അലിസ ഹീലിയും (46 പന്തിൽ 58) തഹ്ലിയ മക്ഗ്രാത്തും (37 പന്തിൽ 50) നേടിയ അർധ സെഞ്ചുറികളാണ് പൊരുതാനുള്ള സ്കോർ നൽകിയത്. അലിസ ഏഴ് ഫോറും ഒരു സിക്സറുമടിച്ചു. ഒമ്പത് ഫോറാണ് തഹ്ലിയയുടെ സമ്പാദ്യം. മുംബൈയ്ക്കായി സായ്ക ഇഷ്ഹാഖ് മൂന്ന് വിക്കറ്റെടുത്തു. അമേലിയ കെറിന് രണ്ട് വിക്കറ്റുണ്ട്. ഇന്ന് ഡൽഹി ക്യാപിറ്റൽസ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ നേരിടും.