തിരുവനന്തപുരം
എ കെ ജി പഠനഗവേഷണ കേന്ദ്രം നേതൃത്വം നൽകുന്ന അഞ്ചാമത് അന്താരാഷ്ട്ര കേരള പഠന കോൺഗ്രസിന് മുന്നോടിയായി കേരളത്തിലെ കൃഷി എന്ന വിഷയത്തിൽ ത്രിദിന സംസ്ഥാന സെമിനാർ നടത്തും. മേയ് 13 മുതൽ 15 വരെ തൃശൂരിലാണ് സെമിനാർ. സംസ്ഥാനത്തെ കാർഷികമേഖലയിലെ പ്രതിസന്ധികളുടെ സൂക്ഷ്മ വിശകലനത്തിനും വികസനസാധ്യതകളുടെ വിലയിരുത്തലിനും സെമിനാർ വേദിയാകും. നൂറോളം സെഷനിൽ രണ്ടായിരത്തോളംപേർ ചർച്ചയുടെ ഭാഗമാകുമെന്ന് പഠന കോൺഗ്രസ് അക്കാദമിക സമിതി ചെയർമാൻ എസ് രാമചന്ദ്രൻ പിള്ളയും സെക്രട്ടറി ഡോ. ടി എം തോമസ് ഐസക്കും അറിയിച്ചു.
ആദ്യ ദിനത്തിൽ മാതൃകാ കർഷകർ, കാർഷിക സംരംഭകർ, കൃഷി ഭവനുകൾ, ശ്രദ്ധേയ പദ്ധതികൾക്ക് നേതൃത്വം നൽകിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണസംഘങ്ങൾ, കർഷക കൂട്ടായ്മകൾ, കർഷകസംഘടനകൾ, കാർഷിക എജൻസികൾ തുടങ്ങിയവയുടെ പ്രതിനിധികൾ അനുഭവങ്ങൾ വിവരിക്കും.
രണ്ടാംദിനം വിവിധ കാർഷികമേഖലകളിലെ നയങ്ങൾ, പ്രശ്നങ്ങൾ, പ്രവണതകൾ, സാധ്യതകൾ, സാങ്കേതികവിദ്യകൾ, സംഘാടനം, സംഭരണ–- വിപണനരീതികൾ, മൂല്യവർധന മുതലായ വിഷയങ്ങളിൽ വിദഗ്ധ അവതരണങ്ങൾ നടക്കും. ശാസ്ത്രജ്ഞർ, ഗവേഷകർ, കാർഷിക വിദഗ്ധർ, ഉദ്യോഗസ്ഥർ, ഇതരസംസ്ഥാനങ്ങളിൽനിന്നുള്ളവർ, തെക്കുകിഴക്കൻ ഏഷ്യ, ചൈന എന്നിവിടങ്ങളിലെ വിദഗ്ധരും പങ്കെടുക്കും. മൂന്നാംദിനം ചർച്ചകൾ ക്രോഡീകരിക്കും.
പങ്കെടുക്കാൻ താൽപ്പര്യമുള്ളവരെ സഹായിക്കാൻ ജില്ലതോറും കാർഷിക വിദഗ്ധരുടെ ചെറുഗ്രൂപ്പ് ഉണ്ടാകും. ഇവരുടെ വിശദാംശം www.akgcentre.in വെബ്സൈറ്റിൽ ലഭ്യമാക്കും. താൽപ്പര്യമുള്ളവർ പ്രബന്ധങ്ങളുടെയും അനുഭവക്കുറിപ്പുകളുടെയും ഒരു പേജിൽ കവിയാത്ത സംഗ്രഹം സംഘാടകസമിതിക്ക് അയക്കണം. വിഷയമേഖല, വിഷയം, പ്രധാന പ്രവർത്തനങ്ങൾ, നൂതനാശയങ്ങൾ, മറ്റു പ്രധാനപ്പെട്ട വിവരങ്ങൾ എന്നിവ പരാമർശിക്കാം. അവതരിപ്പിക്കുന്നയാളുടെ പേരും വിലാസവും ഫോൺ നമ്പരും ഇ മെയിൽ വിലാസവും രേഖപ്പെടുത്തണം. ഇവ 25നകം ലഭിക്കണം. സംഗ്രഹം മുപ്പതിനുള്ളിലും ലഭ്യമാക്കണം. ഇ മെയിൽ: info@akgcentre.in, premaak au@gmail.com. ഫോൺ: 9446319848. വിശദ പ്രബന്ധം ഏപ്രിൽ അഞ്ചിനകം ലഭ്യമാക്കണമെന്നും സെമിനാർ അക്കാദമികസമിതി ചെയർമാൻ ഡോ. ആർ രാംകുമാറും കൺവീനർ ഡോ. എ പ്രേമയും അറിയിച്ചു.