കൊച്ചി
ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്റിലെ സ്ഥിതിഗതി വിലയിരുത്തി റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിരീക്ഷണസമിതി രൂപീകരിച്ചു. കലക്ടർ, മലിനീകരണ നിയന്ത്രണബോർഡ് ഉദ്യോഗസ്ഥർ, കേരള സംസ്ഥാന നിയമ സേവന അതോറിറ്റി (കെൽസ) സെക്രട്ടറി, ശുചിത്വമിഷൻ ഡയറക്ടർ, തദ്ദേശഭരണവകുപ്പ് ചീഫ് എൻജിനിയർ എന്നിവർ ഉൾപ്പെട്ടതാണ് നിരീക്ഷണസമിതി. സമിതി 24 മണിക്കൂറിനകം ബ്രഹ്മപുരത്ത് പരിശോധിച്ച് അടിസ്ഥാന, സാങ്കേതിക സൗകര്യങ്ങളും നാശനഷ്ടവും വിലയിരുത്തി റിപ്പോർട്ട് നൽകണമെന്ന് എസ് വി ഭാട്ടി, ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
ബ്രഹ്മപുരത്തെ തീയും പുകയും നിയന്ത്രിക്കാൻ എത്രദിവസംവേണമെന്ന് ഹർജി പരിഗണിക്കവേ സർക്കാരിനോട് കോടതി ആരാഞ്ഞു. രണ്ടുദിവസമെന്നാണ് അഗ്നിരക്ഷാസേന അറിയിച്ചതെന്ന് കലക്ടർ എൻ എസ് കെ ഉമേഷ് വിശദീകരിച്ചു. എട്ട് മേഖലകളിൽ ആറിടത്തെ തീ നിയന്ത്രിച്ചു. നാലേക്കറോളം പ്രദേശത്തെ തീ നിയന്ത്രിക്കാൻ ശ്രമിക്കുകയാണ്. സ്ഥലപരിമിതിയാൽ കൂടുതൽ എസ്കവേറ്റർ ഉപയോഗിക്കാനാകുന്നില്ല. തീ അണയ്ക്കാൻ വിദഗ്ധ സഹായം തേടുന്നുണ്ടെന്നും കലക്ടർ വ്യക്തമാക്കി.
കാറ്റിന്റെ ഗതി കടലിൽനിന്ന് കരയിലേക്കായത് തീയും പുകയും നിയന്ത്രിക്കുന്നത് തടസ്സപ്പെടുത്തുന്നതായി മലിനീകരണ നിയന്ത്രണബോർഡ് ചെയർമാൻ എ ബി പ്രദീപ് കുമാർ വിശദീകരിച്ചു. ബ്രഹ്മപുരത്തെ പ്രശ്നത്തിന് ശാശ്വതപരിഹാരം സംബന്ധിച്ച് തദ്ദേശഭരണ അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ സത്യവാങ്മൂലം നൽകാനും കോടതി നിർദേശിച്ചു.
ശനിമുതൽ വീടുകളിൽനിന്ന് മാലിന്യം ശേഖരിക്കണം. ഖരമാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട കർമപദ്ധതി സമർപ്പിക്കാൻ തദ്ദേശസെക്രട്ടറിയോട് നിർദേശിച്ചു. കോർപറേഷൻ സെക്രട്ടറി എം ബാബു അബ്ദുൽ ഖാദർ തിങ്കളാഴ്ച ഹാജരാകണം. മറ്റ് ഉദ്യോഗസ്ഥർ ഓൺലൈൻ വഴി ഹാജരായാൽ മതിയെന്നും കോടതി നിർദേശിച്ചു.