അഹമ്മദാബാദ്
പത്ത് മണിക്കൂർ പൊരുതി ഉസ്മാൻ ഖവാജ നാലാംക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയയെ മികച്ച നിലയിലെത്തിച്ചു. 180 റണ്ണടിച്ച ഖവാജയുടെ മികവിൽ രണ്ടാംദിനം ഓസീസ് ഒന്നാംഇന്നിങ്സിൽ 480 എന്ന കൂറ്റൻ സ്കോർ നേടി. ഇന്ത്യക്കായി ആർ അശ്വിൻ ആറ് വിക്കറ്റ് സ്വന്തമാക്കി. മറുപടിക്കെത്തിയ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 36 റണ്ണെടുത്തു.
അഹമ്മദാബാദിൽ തുടർച്ചയായ രണ്ടാംദിവസവും ഖവാജയുടെ ബാറ്റ് ഇന്ത്യൻ ബൗളർമാരുടെ കൈകൾ തളർത്തി. കൂട്ടിന് തകർപ്പൻ സെഞ്ചുറിയുമായി കാമറൂൺ ഗ്രീനും (114). 208 റണ്ണാണ് ഈ സഖ്യം നേടിയത്. 1979നുശേഷം ആദ്യമായാണ് ഓസ്ട്രേലിയ ഇന്ത്യയിൽ ഇരട്ടസെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കുന്നത്.
ഖവാജ 422 പന്തുകളാണ് നേരിട്ടത്. ഒരുനിമിഷത്തെ അശ്രദ്ധയിലായിരുന്നു ഇടംകൈയന് അർഹിച്ച ഇരട്ടസെഞ്ചുറി നഷ്ടമായത്. ചായക്കുശേഷമുള്ള ആദ്യ പന്തിൽ അക്സർ പട്ടേൽ വിക്കറ്റിനുമുന്നിൽ കുരുക്കി. ഇന്ത്യൻ മണ്ണിൽ ഒരു ഓസീസ് താരത്തിന്റെ ഏറ്റവും ഉയർന്ന അഞ്ചാമത്തെ സ്കോറാണിത്. 21 ഫോറും ഖവാജയുടെ ഇന്നിങ്സിൽ ഇടംകണ്ടു.
ഗ്രീൻ മറുവശത്ത് ആക്രമിച്ച് കളിച്ചു. കന്നി സെഞ്ചുറിയായിരുന്നു ഈ ഓൾ റൗണ്ടർക്ക്. 117 പന്തുകൾ നേരിട്ട ഗ്രീനിന്റെ ഇന്നിങ്സിൽ 18 ഫോറുകൾ ഉൾപ്പെട്ടു. അശ്വിനെ സ്വീപ് ഷോട്ടിന് ശ്രമിച്ചാണ് പുറത്തായത്.ഓസീസ് ബാറ്റർമാരുടെ നിയന്ത്രണത്തിലും ഇന്ത്യക്ക് ആശ്വാസമായത് അശ്വിന്റെ പ്രകടനമാണ്. തളർച്ചയില്ലാതെ 47.2 ഓവർ എറിഞ്ഞ ഓഫ് സ്പിന്നർ 91 റൺ വഴങ്ങിയാണ് ആറ് വിക്കറ്റ് നേടിയത്. പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റ് വേദികളെപ്പോലെ സ്പിന്നർമാരെ അകമഴിഞ്ഞ് തുണയ്ക്കാത്ത അഹമ്മദാബാദ് പിച്ചിൽ അശ്വിൻ പൊരുതി നേടുകയായിരുന്നു. ടീമിലെ മറ്റ് സ്പിന്നർമാരായ രവീന്ദ്ര ജഡേജയും അക്സർ പട്ടേലും ഓരോ വിക്കറ്റാണ് നേടിയത്. അശ്വിന്റെ 32–-ാംഅഞ്ച് വിക്കറ്റ് നേട്ടമാണ്. ഈ പരമ്പരയിലെ രണ്ടാമത്തേതും.
അവസാനഘട്ടത്തിൽ അശ്വിൻ ആഞ്ഞടിച്ചെങ്കിലും വാലറ്റത്ത് നതാൻ ല്യോണും (34) ടോഡ് മർഫിയും (41) ചേർന്നാണ് ഓസീസ് സ്കോർ 500ന് അരികെ എത്തിച്ചത്. ഇരുവരെയും ഒടുവിൽ അശ്വിൻതന്നെ മടക്കി. വൻ സ്കോർ വഴങ്ങി മറുപടിക്കെത്തിയ ഇന്ത്യ നഷ്ടങ്ങളില്ലാതെ അവസാനിപ്പിച്ചു. ക്യാപ്റ്റൻ രോഹിത് ശർമയും (17) ശുഭ്മാൻ ഗില്ലുമാണ് (18) ക്രീസിൽ. 10 വിക്കറ്റ് ശേഷിക്കെ 444 റൺ പിന്നിൽ.
ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്റെ അമ്മ മരിച്ചതിനെത്തുടർന്ന് കൈയിൽ കറുത്ത ബാൻഡ് അണിഞ്ഞാണ് ഓസീസ് കളിക്കാർ ഇറങ്ങിയത്. കമ്മിൻസ് മൂന്നാം ടെസ്റ്റിനുമുമ്പുതന്നെ നാട്ടിലേക്ക് മടങ്ങിയിരുന്നു. ശേഷം സ്റ്റീവൻ സ്മിത്തിനാണ് ചുമതല.