മുംബൈ
വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ യുപി വാരിയേഴ്സ് 10 വിക്കറ്റിന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ തോൽപ്പിച്ചു. യുപിയുടെ രണ്ടാംജയമാണ്. ബാംഗ്ലൂർ നാല് കളിയും തോറ്റു.
സ്കോർ: ബാംഗ്ലൂർ 138 (19.3), യുപി 0–-139 (13)
യുപി ക്യാപ്റ്റനായ ഓസ്ട്രേലിയൻ താരം അലിസ ഹീലി 47 പന്തിൽ 96 റണ്ണെടുത്തു. 18 ഫോറും ഒരു സിക്സറും നിറഞ്ഞതാണ് ഇന്നിങ്സ്. ദേവിക വൈദ്യ 31 പന്തിൽ 36 റണ്ണുമായി പിന്തുണച്ചു. മികച്ച ബൗളിങ്ങാണ് ബാംഗ്ലൂരിനെ ചെറിയ സ്കോറിൽ ഒതുക്കിയത്. നാല് വിക്കറ്റുമായി സോഫി എക്ലെസ്റ്റോണും മൂന്ന് വിക്കറ്റുമായി ദീപ്തി ശർമയുമാണ് ബാംഗ്ലൂരിനെ തകർത്തത്. 39 പന്തിൽ 52 റണ്ണെടുത്ത എല്ലിസെ പെറിയാണ് ബാംഗ്ലൂരിന്റെ ടോപ് സ്കോറർ. ക്യാപ്റ്റൻ സ്മൃതി മന്ദാന (6 പന്തിൽ 4) നിരാശപ്പെടുത്തി. എന്നാൽ, പെറിയും സോഫി ഡെവിനെയും (24 പന്തിൽ 36) കരകയറ്റി.
എക്ലെസ്റ്റോൺ 3.3 ഓവറിൽ 13 റൺ വഴങ്ങിയാണ് നാല് വിക്കറ്റെടുത്തത്. ദീപ്തിയുടെ മൂന്ന് വിക്കറ്റ് നേട്ടം നാലോവറിൽ 26 റൺ വഴങ്ങിയായിരുന്നു.
ഇന്ന് ഗുജറാത്ത് ജയന്റ്സും ഡൽഹി ക്യാപിറ്റൽസും ഏറ്റുമുട്ടും.