തിരുവനന്തപുരം > വനിതാ സംരംഭകരിൽ ആത്മവിശ്വാസം നിറച്ച് സംരംഭക സംഗമം. സാർവദേശീയ വനിതാ ദിനത്തിൽ സംഘടിപ്പിച്ച വനിതാ സംരംഭക സംഗമത്തിൽ പൊരുതി വിജയിച്ച കഥയാണ് ഏവർക്കും പറയാനുള്ളത്. ‘എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിന്ന കാലം കടന്നുവന്നുകൊണ്ടാണ് ചിരിച്ചുകൊണ്ട് അഭിമാനത്തോടെ ഞാനിന്ന് ഈ മൈക്കിന് മുന്നിൽ നിന്ന് സംസാരിക്കുന്നത്’ – വയനാടിൽ നിന്നുള്ള സംരംഭകയായ ഷംന ഇസ്മയിൽ പറഞ്ഞ വാക്കുകൾ ഓരോ വനിതാ സംരംഭകർക്കും ആത്മവിശ്വാസവും അഭിമാനവും നൽകുന്നതായിരുന്നു.
ഷംന ഇസ്മയിലിനെപ്പോലെ ഇന്ന് എത്തിച്ചേർന്ന അഞ്ചൂറിലധികം വനിതാ സംരംഭകർക്കും സമാനമായ അനുഭവങ്ങൾ പങ്കുവെക്കാനുണ്ടാകുമെന്ന് ഉറപ്പാണെന്ന് മന്ത്രി പി രാജീവ് ഫെയ്സ്ബുക്കിൽ കുറിച്ചു. എങ്കിലും ആത്മവിശ്വാസത്തോടെ ഇതിനെയൊക്കെ നേരിട്ടുകൊണ്ട് മറ്റുള്ള സ്ത്രീകൾക്ക് കൂടി പ്രചോദനമാകുന്ന വിധത്തിൽ സംരംഭകയായി വളർന്നുവരാനും സ്വന്തം നാടിൻ്റെ അഭിമാനമായി മാറാനും ഈ വനിതകൾക്ക് സാധിച്ചു. കേരളത്തിൻ്റെ ചരിത്രത്തിൽ വ്യവസായമേഖലയിൽ സംഘടിപ്പിച്ച ഏറ്റവും വിപുലമായ പദ്ധതിയായ സംരംഭക വർഷം പദ്ധതിയിലൂടെ സംരംഭകരായ അഞ്ഞൂറ് വനിതകളാണ് കേരള സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ഒത്തുചേർന്നത്. സംരംഭകത്വത്തിലേക്ക് കടന്നുവന്ന വനിതാ സംരംഭകരുടെ എണ്ണത്തിന് പുറമെ സംരംഭങ്ങള്‍ രൂപീകരിക്കാനെടുത്ത ചുരുങ്ങിയ സമയം, സര്‍ക്കാര്‍ ഒരുക്കി നല്കിയ പശ്ചാത്തല സൗകര്യങ്ങള്‍ തുടങ്ങി പല മാനങ്ങള്‍ കൊണ്ട് രാജ്യത്ത് തന്നെ പുതു ചരിത്രമാണ് സംരംഭക വർഷം.
ഒരു വനിത സ്വജീവിതത്തിൽ തല ഉയർത്തി നിവർന്നു നിൽക്കുമ്പോൾ അറിഞ്ഞോ അറിയാതെയോ സ്ത്രീസമൂഹത്തെയാകെ അവർ പ്രതിനിധാനം ചെയ്യുന്നുവെന്ന മായ ആഞ്ചെലോയുടെ വാക്കുകൾ കേരളത്തിൽ ഈ വർഷം സംരംഭകരായ 43200 വനിതകളെപ്പറ്റി കൂടിയുള്ളതാണ്. വീട്ടമ്മമാരെന്ന വേതനമില്ലാത്ത ജോലിയിൽ നിന്ന് മാറി സംരംഭകരാകുന്നതിലൂടെ നിങ്ങൾ മറ്റുള്ള സ്ത്രീകൾക്ക് മാർഗദർശികളാകുന്നു. ഇങ്ങനെ സംരംഭകരാകുന്ന സ്ത്രീകൾ സമൂഹത്തിലെ സ്ത്രീശാക്തീകരണത്തിൽ വഹിക്കുന്ന പങ്കും വലുതാണ്. വീട്ടിലെ അധ്വാനവും പങ്കുവെക്കപ്പെടേണ്ടതാണെന്ന അവബോധം സൃഷ്ടിക്കപ്പെടും. സംരംഭക വർഷം പദ്ധതിയിൽ 33% സംരംഭകരാണ് സ്ത്രീകളെങ്കിൽ വരും വർഷങ്ങളിൽ പകുതി സംരംഭകരെങ്കിലും സ്ത്രീകളായി മാറുന്നതിന് ഇന്ന് ഈ രംഗത്തേക്ക് കടന്നുവന്ന വനിതകൾ കാരണമാകും. അതിനാവശ്യമായ എല്ലാ സഹായവും വ്യവസായ വകുപ്പ് ലഭ്യമാക്കുമെന്ന ഉറപ്പ് നൽകുന്നു. സംരംഭക സൗഹൃദ കേരളമെന്ന ലക്ഷ്യത്തിനൊപ്പം സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളിലും നമുക്കൊന്നിച്ച് ഒന്നിച്ച് മുന്നേറാം – മന്ത്രി പറഞ്ഞു.