കോട്ടയം > ബ്രഹ്മപുരം മാലിന്യ പ്ലാന്റുമായി ബന്ധപ്പെട്ട് കൊച്ചി മുൻ മേയർ ടോണി ചമ്മണി തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ അസംബന്ധമാണെന്നും തന്നെ അപമാനിക്കാൻവേണ്ടി നടത്തുന്ന കുപ്രചാരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുതിർന്ന സിപിഐ എം നേതാവ് വൈക്കം വിശ്വൻ പറഞ്ഞു. ഇക്കാര്യത്തിൽ എന്തെങ്കിലും വ്യക്തത ആവശ്യമുണ്ടെങ്കിൽ അന്വേഷിക്കട്ടെയെന്നും അതിൽ ആർക്കാണ് തർക്കമെന്നും അദ്ദേഹം ചോദിച്ചു.
എന്റെ പൊതുജീവിതത്തെ മലീമസമാക്കാനും സിപിഐ എമ്മിനെയും സംസ്ഥാന സർക്കാരിനെയും ആക്രമിക്കാനും ബോധപൂർവം ഉയർത്തുന്നതാണ് ഈ ആരോപണം. പൊതു ജീവിതം തുടങ്ങിയിട്ട് 70 വർഷം കഴിഞ്ഞു. പാർട്ടിയുടെയും മുന്നണിയുടെയും സുപ്രധാനമായ പദവികൾ വഹിച്ചു. എ കെ ആൻറണി, വയലാർരവി അടക്കമുള്ളവർ കോളേജ് പഠനകാലം മുതൽ എതിര്നിരയിൽ ഉണ്ട്. എന്നെപ്പൊലെ അവരും പൊതു ജീവിതത്തിൽനിന്ന് ഏതാണ്ട് വിരമിച്ച ഘട്ടത്തിലെത്തി. ഇക്കാലമത്രയും അവരടക്കം ആരും വ്യക്തിപരമായി എനിക്കെതിരെ ആരോപണം ഉന്നയിച്ചിട്ടില്ല.
മക്കളെ വിളിച്ച് അന്വേഷിച്ചിരുന്നു. ടെൻഡർ വഴി നിയമാനുസൃതമായാണ് അവർ ഈ ജോലിക്കായി നിയോഗിക്കപ്പെട്ടത് എന്നാണ് മനസിലായത്. ഇക്കാര്യം കൊച്ചി മേയറും പറഞ്ഞിട്ടുണ്ട്. മുമ്പ് ടെൻഡറില്ലാതെ നൽകിയിരുന്ന ജോലി, ഈ മേയർ വന്ന് ഒരു വർഷത്തിനുശേഷം ടെണ്ടറിലൂടെയാണ് നിയമപ്രകാരം ഇവർക്ക് നൽകിയത്. 11 കോടി രൂപയുടെ ജോലിയാണ് ചെയ്തുവരുന്നത്. ഇതിൽ എട്ടരക്കോടിയുടെ പണി പൂർത്തിയാക്കി. നാലര കോടി രൂപ നൽകിയിട്ടുണ്ടെന്നും മേയർ പറയുന്നു. ഇക്കാര്യത്തിലെല്ലാം ഏത് അന്വേഷണം വേണമെങ്കിലും ആവാം.
മുഖ്യമന്ത്രിയുമായി അടുത്ത സൗഹൃദം ഉണ്ടെന്നാണ് മറ്റൊരു ആരോപണം. വർഷങ്ങളോളം ഒരുമിച്ച് പ്രവർത്തിച്ചവരാണ് ഞങ്ങൾ. അതിന്റെ പേരിൽ അദ്ദേഹത്തോട് എന്തെങ്കിലും ആവശ്യപ്പെട്ടിട്ടില്ല. ആവശ്യപ്പെട്ടാൽ അദ്ദേഹം കേൾക്കുമെന്നും കരുതുന്നില്ല. വിഎസും ഉമ്മൻചാണ്ടിയും മുഖ്യമന്ത്രിയായിരുന്ന കാലത്തടക്കം 13 വർഷം എൽഡിഎഫ് കൺവീനർ ആയിരുന്നു. പൊതുകാര്യങ്ങൾക്കല്ലാതെ ഒരു മുഖ്യമന്ത്രിമാരെയും സമീപിച്ചിട്ടില്ല. മക്കൾക്കോ ബന്ധുക്കൾക്കോ എന്നല്ല ആർക്കും വഴിവിട്ടൊരു സഹായം ലഭിക്കാൻ കൂട്ടു നിന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.