കാഞ്ഞങ്ങാട്> 1994ൽ മതാചാര പ്രകാരം വിവാഹിതരായ അഡ്വ സി ഷുക്കൂറും ഡോ. ഷീനയും സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വീണ്ടും വിവാഹിതാരായി. ബുധൻ പകൽ 10.15നാണ് മക്കളുടേയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വിവാഹം നടന്നത്. എം ജി സർവകലാശാല മുൻ പ്രോ വെെസ് ചാൻസലറും കണ്ണൂർ സർവകലാശാല നിയമവകുപ്പ് മേധാവിയുമാണ് ഡോ. ഷീന ഷുക്കൂർ. വക്കീലിനും ഭാര്യയ്ക്കും മൂന്ന് പെൺ മക്കളാണുള്ളത്. അതുകൊണ്ടുതന്നെ മുസ്ലീം ആചാര പ്രകാരം പിതാവിന്റെ കാലശേഷം സ്വത്തുക്കൾ പൂർണമായും പെൺമക്കൾക്ക് ലഭിക്കില്ല. മുസ്ലീം പെൺകുട്ടികളായതിനാൽ നേരിടേണ്ടി വരുന്ന വിവേചനം ഒഴിവാക്കാനാണ് ഇരുവരും വിവാഹം ഔദ്യോഗികമാക്കിയത്.അറിയപ്പെടുന്ന സിനിമാതാരം കൂടിയാണ് ഷുക്കൂർ വക്കീൽ.
മക്കളായ ഖദീജ ജാസ്മിൻ, ഫാത്തിമ ജെബിൻ, ഫാത്തിമ ജെസ എന്നിവരുടെ സാനിധ്യത്തിലായിരുന്നു വിവാഹം. സിപിഐ എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി വി രമേശൻ, സഹോദരന്റെ ഭാര്യ ഷാക്കിറ, കോഴിക്കോട് ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ സജീവ് എന്നിവരായിരുന്നു സാക്ഷികൾ. തനിക്കെതിരെ നവ മാധ്യമങ്ങളിൽ നടക്കുന്ന കുപ്രചാരണങ്ങൾക്കെതിരെയും വക്കീൽ പ്രതികരിച്ചു.
പുതിയ മാറ്റത്തിന് തുടക്കം കുറിച്ചതിൽ അഭിമാനമുണ്ടെന്നും ഈ വിവാഹത്തിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിൽ സന്തോഷമെന്നും മകൾ ജാസ്മിൻ പറഞ്ഞു. വിവാഹം കാണാൻ വി പി പി മുസ്തഫ, നഗരസഭാ ചെയർ പേഴ്സൺ കെ വി സുജാത, അഡ്വ പി അപ്പുക്കുട്ടൻ, മഹമ്മൂദ് മുറിയനാവി, മുഹമ്മദ് ഹനീഫ, അഡ്വ എം ആശാലത തുടങ്ങിയവരെല്ലാം എത്തിയിരുന്നു