കോഴിക്കോട്> പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഇരയാക്കി വ്യാജവാർത്ത ചിത്രീകരിച്ച കേസിൽ ഏഷ്യാനെറ്റ് സംഘം നൽകിയ ജാമ്യ ഹർജി പരിഗണിക്കുന്നത് പോക്സോ കേസ് അന്വേഷിക്കുന്ന പ്രത്യേക കോടതി 10ലേക്ക് മാറ്റി. പൊലീസ് റിപ്പോർട് സമർപ്പിക്കാൻ പബ്ലിക് പ്രോസിക്യൂട്ടർ കെ സുനിൽകുമാർ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്.
ഏഷ്യാനെറ്റ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ, റസിഡന്റ് എഡിറ്റർ കെ ഷാജഹാൻ, വീഡിയോ ചിത്രീകരിച്ച കണ്ണൂർ റിപ്പോർട്ടർ നൗഫൽ ബിൻ യൂസഫ്, പെൺകുട്ടിയുടെ അമ്മ എന്നിവരാണ് അഡ്വ. പി വി ഹരി മുഖേന മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
‘നർകോട്ടിക് ഈസ് എ ഡേർട്ടി ബിസിനസ് ’ എന്ന പേരിൽ കഴിഞ്ഞ നവംബർ 10നാണ് മയക്കുമരുന്നിനെതിരായ വാർത്ത സംപ്രേഷണംചെയ്തത്. നഗരത്തിലെ സ്വകാര്യ സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിനിയെ പീഡനത്തിനിരയായ പെൺകുട്ടിയായി ചിത്രീകരിക്കുകയായിരുന്നു.