മാനന്തവാടി
പൊലീസ് വേട്ടയുടെ വേദനകൾ മറന്ന് വള്ളിയും നങ്ങിയും ഭൂരേഖ മാറോടുചേർത്തു. രണ്ടുപതിറ്റാണ്ടുമുമ്പ് തുണ്ടുഭൂമിക്കായി നടത്തിയ സമരത്തിൽ ഇപ്പോഴാണിവർ വിജയിച്ചത്. ഒരേക്കർ വീതം സർക്കാർ പതിച്ചുനൽകി. മന്ത്രി കെ രാജനിൽനിന്ന് കൈവശരേഖ ഏറ്റുവാങ്ങിയപ്പോഴും മുത്തങ്ങയിലെ വെടിയൊച്ച ഇവരുടെ കാതുകളിലുണ്ടായിരുന്നു. ‘ഒന്നും മറന്നിട്ടില്ല. ഭൂമി കിട്ടിയല്ലോ അതുമതി’. നൂൽപ്പൂഴ തിരുവണ്ണൂർ കോളനിയിലെ വള്ളി ആശ്വാസംകൊണ്ടു. കോളനിയിലെതന്നെ നങ്ങിയും പേളിയും ശാന്തയും ഒരേക്കറിന്റെ ഉടമകളായി.
ഇതോടെ മുത്തങ്ങ സമരത്തിൽ പങ്കെടുത്ത മുഴുവൻ ഭൂരഹിതർക്കും ഭൂമിയായി. സർക്കാരിന്റെ മൂന്നാം നൂറുദിന പരിപാടിയുടെ ഭാഗമായി മുത്തങ്ങ സമരക്കാരായ 37 പേർക്കാണ് ചൊവ്വാഴ്ച ഒരേക്കർ വീതം നൽകിയത്. പുൽപ്പള്ളി ഇരുളത്തെ മരിയനാട് കാപ്പിത്തോട്ടമാണ് പതിച്ചുനൽകിയത്.
മുത്തങ്ങ സമരക്കാരായ 283 പേർക്കാണ് ഭൂമി ലഭിച്ചത്. ഇതിൽ 23 കുടുംബങ്ങൾ ഒഴികെയുള്ളവർക്ക് ഭൂമി നൽകിയത് ഒന്നും രണ്ടും പിണറായി സർക്കാരാണ്. മുത്തങ്ങ സമരത്തിന്റെ 20–ാം വാർഷികത്തിലാണ് എല്ലാവരും ഭൂമിക്ക് അവകാശികളായത്. രണ്ടുപതിറ്റാണ്ടിനിപ്പുറവും ഇവരുടെ കണ്ണുകളിൽ ഭീതിയുടെ നിഴലുണ്ട്. പൊലീസ് വേട്ടയുടെ മുറിവുകൾ ശരീരത്തിൽ ഉണങ്ങിയെങ്കിലും മനസ്സിൽ നീറുന്നുണ്ട്. ഭൂമിക്കായി സമരംചെയ്ത ആദിവാസികൾക്കുനേരെ എ കെ ആന്റണിയുടെ പൊലീസ് വെടിയുതിർത്തു. 2003 ഫെബ്രുവരി പത്തൊമ്പതിനായിരുന്നു ആ കറുത്തദിനം. ജോഗി എന്ന ആദിവാസിയും പൊലീസ് കെ വി വിനോദും കൊല്ലപ്പെട്ടു.
തന്റെ നാലുവയസ്സുകാരിയായ മകൾ സുമിത്രയുടെ തല പൊലീസ് അടിച്ചുപൊട്ടിച്ചെന്ന് വള്ളി പറഞ്ഞു. ദിവസങ്ങളോളം കാട്ടിൽ അലഞ്ഞശേഷമാണ് കോളനിയിൽ എത്തിയതെന്ന് പേളിയും ഓർത്തെടുത്തു. വെടിവയ്പ്പിൽ മരിച്ച ജോഗിയുടെ മകൾ സീതയ്ക്ക് റവന്യു വകുപ്പിൽ 2006ലെ എൽഡിഎഫ് സർക്കാർ ജോലിയും കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും നൽകിയിരുന്നു. യുഡിഎഫ് സർക്കാർ വെടിവച്ച് ഓടിച്ച ആദിവാസികളെ എൽഡിഎഫ് ചേർത്തുപിടിച്ചു.