കോട്ടയം
മൗനത്തിന്റെ കൂട്ടിലാണെന്നറിഞ്ഞപ്പോൾ, പാൽമണമുള്ള തേൻമൊഴികൾക്ക്, കൊഞ്ചലുകൾക്ക് കാതോർത്തിരുന്ന സബിതയുടെ നെഞ്ചുലഞ്ഞിരുന്നു. പക്ഷേ, ആ ഉമ്മ പതറിയില്ല. റിസ്വാനയെന്ന പൊന്നോമനയുടെ ശബ്ദമായി, അവൾക്ക് വേണ്ടി വൈദ്യലോകത്തോട് സംവദിച്ചു. കോക്ലിയർ ഇംപ്ലാന്റേഷനിലൂടെ സംസാരശേഷിയും കേൾവിശക്തിയും നേടിയെടുത്ത് കുഞ്ഞിനെ ശബ്ദങ്ങളിലേക്ക് നയിച്ചു. അങ്ങനെ ജീവതാളം വീണ്ടെടുത്ത റിസ്വാനയിപ്പോൾ കോട്ടയം മെഡിക്കൽ കോളേജിൽ അവസാനവർഷ എംബിബിഎസ് വിദ്യാർഥിനിയാണ്
ജന്മനാ സംസാര, കേൾവി ശേഷിയില്ലാത്ത മകൾക്ക് ശബ്ദം അന്യമാണെന്ന് പലരും വിധിയെഴുതിയെങ്കിലും സബിത മൗനമായി പിന്തിരിഞ്ഞില്ല. ഒരുവയസ്സിൽതന്നെ ഹിയറിങ് സ്ക്രീനിങ്ങ് നടത്തി. അധികമാരും തയ്യാറാകാതിരുന്ന കോക്ലിയർ ഇംപ്ലാന്റേഷന്, 2005ൽ ആറാമത്തെവയസ്സിൽ വിധേയയാക്കി. സംസാരശേഷി ഡോക്ടർപോലും ഉറപ്പു നൽകിയില്ലെങ്കിലും സ്പീച്ച് തെറാപ്പിയും കുടുംബത്തിന്റെ കഠിനപരിശ്രമവും ചേർന്നപ്പോൾ രണ്ടാഴ്ചയ്ക്കുശേഷം റിസ്വാന മൗനത്തിന്റെ പുറംതോട് പൊട്ടിച്ചു പുറത്തുകടന്നു, ശബ്ദങ്ങളുടെ കൂട്ടുകാരിയായി.
സാധാരണ സ്കൂളിൽചേർന്ന് പഠനമാരംഭിച്ച അവൾ ക്ലാസുകളിൽ ഒന്നാമതായി ജയിച്ചുകയറി. കഥയെഴുത്തും പുസ്തകവായനയും ആത്മവിശ്വാസം കൂട്ടി. പ്ലസ്വൺ മുതൽ നിരവധി വേദികളിൽ മോട്ടിവേഷണൽ സ്പീക്കറുമായി. പിന്നിട്ടുവന്ന സങ്കടക്കടൽ താണ്ടാൻ പലർക്കും കരുത്തായി. പരിമിതികള് കണ്ടെത്തി ചികിത്സയിലൂടെ പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറിയതിന്റെ മാതൃകയായി ഇത്തവണ ലോക കേൾവിദിനത്തിൽ ലോകാരോഗ്യസംഘടനയുടെ പോസ്റ്ററിലും ഇടംനേടി. “ഇഎൻടി സർജനാകുകയാണ് ലക്ഷ്യം’ മെന്ന് റിസ്വാന പറയുമ്പോൾ തകർക്കാൻ ശ്രമിച്ച് പരാജയപ്പെട്ട വൈകല്യത്തോടുള്ള മധുരപ്രതികാരം കൂടിയാകുന്നു അത്. ശബ്ദത്തിന്റെ പുതിയ തീരങ്ങളിലേക്ക് നീന്തിക്കയറാൻ ഇനിയുമേറെപ്പേരുണ്ട്, അവരെ ചേർത്തുപിടിച്ച് നടത്തുകകൂടി റിസ്വാനയുടെ സ്വപ്നങ്ങളിലുണ്ട്. ആലപ്പുഴ മണ്ണഞ്ചേരി പൊന്നാട് പുത്തൻവീട്ടിൽ അബ്ദുൾ റഷീദാണ് പി എ റിസ്വാനയുടെ ഉപ്പ.