ഐക്യരാഷ്ട്രകേന്ദ്രം
ലോകമെമ്പാടും വനിതാവകാശങ്ങൾ ആക്രമിക്കപ്പെടുകയും ദുരുപയോഗം ചെയ്യപ്പെടുകയുമാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ഈയവസ്ഥയിൽ 300 വർഷത്തേക്കെങ്കിലും ലിംഗസമത്വം യാഥാർഥ്യമാകുമെന്ന് പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര വനിതാ ദിനത്തിനു മുന്നോടിയായി ലിംഗസമത്വത്തിനായി പ്രവർത്തിക്കുന്ന യുഎൻ കമീഷന്റെ രണ്ടാഴ്ച നീളുന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പതിറ്റാണ്ടുകളായി സ്ത്രീകൾ പൊരുതിനേടിയ സാമൂഹിക മുന്നേറ്റം പുരുഷാധിപത്യ സമൂഹത്തിന്റെ ശക്തമായ ചെറുത്തുനിൽപ്പിൽ ഇല്ലാതാവുകയാണെന്നും ഗുട്ടെറസ് പറഞ്ഞു. അഫ്ഗാനിസ്ഥാനിൽ സ്ത്രീകളും പെൺകുട്ടികളും പൊതുജീവിതത്തിൽനിന്ന് മായ്ചുകളയപ്പെടുന്നു. മിക്ക രാജ്യങ്ങളിലും സ്ത്രീകളുടെ ലൈംഗിക, പ്രത്യുൽപ്പാദന അവകാശങ്ങൾപോലും വെല്ലുവിളിക്കപ്പെടുന്നു. ആഗോളതലത്തിൽ ശാസ്ത്ര, സാങ്കേതിക വിഷയങ്ങൾ പഠിക്കുന്നതിൽ മൂന്നിലാന്നു മാത്രമാണ് സ്ത്രീകളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡിജിറ്റൽ അന്തരം ലിംഗ അസമത്വത്തിന്റെ പുതിയ മുഖമായി മാറുകയാണെന്ന് യുഎൻ വിമെൻ എക്സിക്യൂട്ടീവ് ഡയറക്ടർ സിമ ബാഹോസ് പറഞ്ഞു. ‘ഡിജിറ്റ്ഓൾ: നവീനതയും സാങ്കേതികവിദ്യയും ലിംഗസമത്വത്തിന്’ എന്നതാണ് ഐക്യരാഷ്ട്ര സംഘടനയുടെ ഇത്തവണത്തെ വനിതാദിന മുദ്രാവാക്യം.