തിരുവനന്തപുരം> തീരമേഖലയിലെ ജനങ്ങളുമായി സംവദിക്കുന്നതിനും മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ നേരില് മനസ്സിലാക്കുന്നതിനും പരിഹാര നടപടികൾ സ്വീകരിക്കുന്നതിനും സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ പ്രചരിപ്പിക്കുന്നതിനുമായി സംസ്ഥാനത്തെ എല്ലാ തീരദേശ നിയോജക മണ്ഡലങ്ങളിലുമായി 47 കേന്ദ്രങ്ങളിൽ ‘തീരസദസ്സ്’ എന്ന പേരില് ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ പരിപാടി സംഘടിപ്പിക്കുമെന്നു മത്സ്യബന്ധനവകുപ്പ് മന്ത്രി സജി ചെറിയാൻ.
ജനപ്രതിനിധികളെയും വിവിധ വകുപ്പ് മേധാവികളെയും പങ്കെടുപ്പിച്ച് 2023 ഏപ്രില് 24 മുതൽ മേയ് 28 വരെയുള്ള ദിവസങ്ങളിലാണ് പരിപാടി സംഘടിപ്പിക്കുക. പരിപാടിയുടെ ഉദ്ഘാടനം ഏപ്രിൽ 23 ന് തിരുവനന്തപുരം ജില്ലയിലെ പൊഴിയൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്നും മന്ത്രി പറഞ്ഞു.
തീരദേശ മേഖലയിലെയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്നങ്ങളും പരാതികളും വിശകലനം ചെയ്തുകൊണ്ടും പരിഹാരങ്ങൾ കണ്ടെത്താനുമുള്ള ഒരു സമഗ്രമായ വേദിയെന്ന നിലയിലാണ് തീരസദസ്സ് വിഭാവനം ചെയ്തിട്ടുള്ളത്. പരിപാടിയുടെ ആദ്യ ഭാഗത്ത് അതത് പ്രദേശത്തെ ജനപ്രതിനിധികളുമായി ചർച്ച നടത്തി പ്രാദേശികമായുള്ള പ്രശ്നങ്ങളും വികസന സാധ്യതകളും വിശകലനം ചെയ്യും. അദാലത്തിന് സമാനമായി ഉടനടി പരിഹരിക്കാന് കഴിയുന്ന പ്രശ്നങ്ങൾ അവിടെവെച്ചുതന്നെ പരിഹരിക്കുകയും പരാതികള് / നിർദേശങ്ങൾ സ്വീകരിക്കുകയും എന്തെങ്കിലും നിലയിലുള്ള ആനുകൂല്യങ്ങള് വിതരണം ചെയ്യാൻ കഴിയുമെങ്കിൽ അവയുടെ വിതരണവും ഉൾപ്പെടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. തീരദേശ മേഖലയുടെ വികസന പ്രവർത്തനങ്ങളും മത്സ്യത്തൊഴിലാളി മേഖലയിൽ നടത്തി വരുന്ന ഇടപെടലുകളും വിശദീകരിക്കുന്ന ലഘുചിത്രങ്ങളുടെ പ്രദർശനവും അതത് തീരദേശ മേഖലയിലെ പ്രതിഭകളെ ആദരിക്കലും പരിപാടിയുടെ ഭാഗമായി ഉണ്ടാകും.
തീരസദസ്സിന്റെ ഭാഗമായി മത്സ്യത്തൊഴിലാളികൾക്ക് ഉന്നയിക്കാനുള്ള പരാതികൾ രേഖപ്പെടുത്താനുള്ള ഓൺലൈൻ പോർട്ടലിന്റെ സ്വിച്ച്ഓൺ കർമം മന്ത്രി നിർവഹിച്ചു. മത്സ്യബന്ധന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.fisheries.kerala.gov.in എന്ന സൈറ്റിൽ തീരസദസ്സ് എന്ന പ്രത്യേക പോർട്ടൽ നൽകിയാണ് പരാതികൾ സമർപ്പിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഏപ്രില് 15 വരെയാണ് പരാതികൾ വെബ്സൈറ്റ് മുഖാന്തിരം സമർപ്പിക്കേണ്ടത് എന്ന് മന്ത്രി പറഞ്ഞു.