കൊച്ചി>കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും 43 സ്കൂള്‍ കെട്ടിടങ്ങള്‍ കൂടി പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യാന്‍ പോവുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. മുഖ്യമന്ത്രി പ്രഖ്യാപിച്ച നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി ഈ കെട്ടിടങ്ങള്‍ ഉടന്‍ ഉദ്ഘാടനം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചത് സര്‍ക്കാരിന്റെ നിശ്ചയദാഢ്യമാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
51 കോടി രൂപ ചെലവിട്ടാണ് ഈ 43 സ്കൂള്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചിട്ടുള്ളത്. കിഫ്ബിയും പ്ലാന്‍ഫണ്ടും മറ്റും ഉപയോഗിച്ചാണ് ഇത്രയും കെട്ടിടങ്ങള്‍ നിര്‍മിച്ചിട്ടുള്ളത്. എറണാകുളം ജില്ലയില്‍ ഉള്‍പ്പെടെ 11 സ്കൂളിന് കൂടി പുതിയ കെട്ടിടം നിര്‍മിക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 29 കോടിരൂപയാണ് ഇതിന് അ്നുവദിച്ചിട്ടുള്ളത്.
മധ്യവേനലവധിക്ക് സ്കൂളുകള്‍ അടയ്ക്കും മുമ്പ് പാഠപുസ്തകങ്ങളും യൂണിഫോമും 5 കിലോ അരിയും ഒന്നിച്ചു നല്‍കാനുള്ള സര്‍ക്കാരിന്റെ തീരുമാനം കഴിഞ്ഞ ദിവസമാണല്ലോ പ്രഖ്യാപിച്ചത്. പൊതുവിദ്യാഭ്യാസ മേഖല കൂടുതല്‍ കരുത്തുറ്റതാക്കുന്ന നടപടികളാണ് പിണറായി വിജയന് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. ഒന്നാം പിണറായി സര്‍ക്കാരിന്റെയും രണ്ടാം പിണറായി സര്‍ക്കാരിന്റേയും കാലത്ത് പൊതുവിദ്യാഭ്യാലയത്തിലേക്ക് വലിയ ഒഴുക്കാണ് ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷവും ഒരുലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ പൊതുവിദ്യാഭാസമേഖലയില് അധികമായി എത്തി. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 141 സ്ക്കൂളുകളാണ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിയത്. 4752 സ്കൂളുകളില്‍ ഐടി സംവിധാനം ഏര്‍പ്പെടുത്തി.14,000 സ്ക്കൂളുകളില്‍ ബ്രോഡ്ബ്രാന്റ് ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തി.
അരലക്ഷത്തോളം ക്ലാസ് മുറികള്‍(45000)ഹൈടെക്കായി മാറ്റി.
11272 പ്രൈമറി സ്ക്കൂളുകളില്‍ പ്രൈമറി ഹൈടെക്ക് ലാബ് പദ്ധതി നടപ്പിലാക്കി.
ഒന്നു മുതല്‍ 12 ാം ക്ലാസ്വരെയുള്ള 1.19 ലക്ഷം ലാപ്ടോപ്പുകളും 70000 ത്തോളം പ്രോജക്ടറുകളും നല്കുകയുണ്ടായി.
വനിതാ ദിനാചരണത്തോടനുബന്ധിച്ച് ഡിജിറ്റല്‍ പാഠശാല പദ്ധതി തുടങ്ങാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്. വ്യാപകമായികൊണ്ടിരിക്കുന്ന വിവിധ ഡിജിററല്‍ പ്ലാറ്റ്ഫോമുകള് ഉപയോഗിക്കാന്‍ വനിതകളെ പ്രാപ്തരാക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതി കാലഘട്ടത്തിന്റെ ആവശ്യമാണ്. സ്മാര്‍ട്ട് ഫോണ്‍, സോഷ്യല്‍മീഡിയ, നെറ്റ് ബാങ്കിങ്ങ്, ഓണ്‍ലൈന്‍ പേയ്മെന്റ് സേവനങ്ങള്‍, എടിഎം, സൈബര്‍ സെക്യുരിറ്റി എന്നിവയില്‍ ബോധവല്‍ക്കരണം ആവശ്യം വേണ്ട നടപടിയാണ്.
റവന്യൂസേവനങ്ങളും ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലുടെ നല്‍കാനുള്ള റവന്യൂ ഇ സാക്ഷരതാ പദ്ധതിക്കും സര്‍ക്കാര്‍ തുടക്കം കുറിക്കുകയാണ്. ഡിജിറ്റല്‍ ഭൂമി സര്‍വേക്ക് തുടക്കം കുറിച്ചുകഴിഞ്ഞു.
ഈ സാഹചര്യത്തില്‍ കേരളസാക്ഷരതാ മിഷനും ഇത്തരത്തിലുള്ള പാഠ്യപദ്ധതി ഏറ്റെടുക്കുന്നത് പൊതു ജനങ്ങള്‍ക്ക് ഏറെ ഗുണകരമാകും. കേരളം നൂറുശതമാനം സാക്ഷരതനേടിയെങ്കിലും ഡിജിറ്റല്‍ സാക്ഷരത നേടിയെന്ന് പറയാനാകില്ല. അതിനാല്‍ മുഴുവന്‍ കേരളീയരെയും ഡിജിറ്റല്‍ സാക്ഷരരാക്കാന്‍ സര്‍ക്കാര്‍ നൂതനമായ പദ്ധതി ആവിഷ്ക്കരിക്കുന്നത് ഏറെ പ്രയോജനപ്രദമാകുമെന്നും ഗോവിന്ദന് മാസ്റ്റര്‍ വ്യക്തമാക്കി.