തിരുവനന്തപുരം> ആറ്റുകാൽ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല ചൊവ്വാഴ്ച. രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് വിപുലമായ ചടങ്ങുകളോടെയുള്ള പൊങ്കാല. പകൽ 10.30ന് അടുപ്പുവെട്ടോടെ ചടങ്ങുകൾ ആരംഭിക്കും. തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ദീപം പകർന്ന് മേൽശാന്തി പി കേശവൻ നമ്പൂതിരിക്ക് കൈമാറും.
ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ തീ കത്തിച്ചശേഷം മേൽശാന്തി ദീപം സഹമേൽശാന്തിമാർക്കു കൈമാറും. വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുൻവശത്തെ പണ്ടാര അടുപ്പിലും സഹമേൽശാന്തിമാർ അഗ്നിപകരുന്നതോടെ പൊങ്കാലയ്ക്ക് തുടക്കമാകും. പകൽ 2.30നാണ് പൊങ്കാല നിവേദ്യം. ബുധൻ പുലർച്ചെ ഒന്നിന് കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും.
ഹരിതചട്ടം പാലിച്ചാണ് ഇത്തവണത്തെ പൊങ്കാല ആഘോഷം. പൊലീസ്, അഗ്നിരക്ഷാസേന, കോർപറേഷൻ, ആരോഗ്യവകുപ്പ് തുടങ്ങിയവയുടെ നേതൃ-ത്വത്തിലുള്ള പ്രത്യേക സംഘത്തെ ക്ഷേത്രപരിസരത്ത് വിന്യസിച്ചു. ചൊവ്വാഴ്ച റെയിൽവേയും കെഎസ്ആർടിസിയും പ്രത്യേക സർവീസ് നടത്തും.