കൊച്ചി
ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തത്തെത്തുടർന്ന് മാലിന്യക്കൂമ്പാരത്തിൽനിന്ന് ഉയർന്ന പുക ശമിപ്പിക്കാൻ വെള്ളം സ്പ്രേ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ ചൊവ്വാഴ്ചമുതൽ ലഭിക്കുമെന്ന് കലക്ടർ രേണു രാജ് അറിയിച്ചു. വ്യോമസേനയുടെ സുലൂർ സ്റ്റേഷനിൽനിന്നുള്ള ഹെലികോപ്റ്ററുകളാണ് ഉപയോഗിക്കുക. മാലിന്യക്കൂമ്പാരത്തിലെ തീ പൂർണമായി അണയ്ക്കാൻ കഴിഞ്ഞു. മാലിന്യത്തിന്റെ അടിയിൽനിന്ന് പുക ഉയരുന്നുണ്ട്. ഇത് ശമിപ്പിക്കാൻ മാലിന്യം ജെസിബി ഉപയോഗിച്ച് നാല് മീറ്റർവരെ താഴ്ചയിൽ നീക്കി വലിയ പമ്പ് ഉപയോഗിച്ച് വെള്ളം ഒഴിക്കുന്ന പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്.
നിലവിൽ 30 സ്പെഷ്യൽ ഫയർ എൻജിനുകളും 125 അഗ്നി രക്ഷാസേനാ അംഗങ്ങളുമാണ് സേവനരംഗത്തുള്ളത്. ഒരു മിനിറ്റിൽ 60,000 ലിറ്റർ വെള്ളം പമ്പ് ചെയ്യുന്നുണ്ട്. നേവിയുടെ എയർ ഡ്രോപ്പിങ് ഓപ്പറേഷനും നടക്കുന്നുണ്ട്. നേവിയുടെ ഓപ്പറേഷൻ ചൊവ്വാഴ്ചയും തുടരും. തീയണയ്ക്കുന്നതുമായി ബന്ധപ്പെട്ട് നാലുദിവസമായി പ്രവർത്തിക്കുന്ന ജീവനക്കാരുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കാനുള്ള നടപടിയും സ്വീകരിച്ചു. ചൊവ്വാഴ്ച എറണാകുളം ജനറൽ ആശുപത്രിയിൽനിന്നുള്ള മെഡിക്കൽ സംഘം ബ്രഹ്മപുരത്ത് ക്യാമ്പ് ചെയ്ത് ജീവനക്കാർക്ക് വൈദ്യപരിശോധന നടത്തും.
വായുവിന്റെ ഗുണനിലവാരം കഴിഞ്ഞ ദിവസത്തേതിൽനിന്ന് മെച്ചപ്പെട്ടു. തിങ്കൾ പകൽ വൈറ്റില സ്റ്റേഷനിൽ 146, എലൂർ സ്റ്റേഷനിൽ 92 എന്നിങ്ങനെയാണ് പർട്ടിക്കുലേറ്റ് മാറ്ററിന്റെ തോത്. നിലവിൽ അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട് ഭയപ്പെടേണ്ട സാഹചര്യമില്ല. മുൻകരുതലിന്റെ ഭാഗമായി ശ്വാസകോശ രോഗമുള്ളവർ, ഗർഭിണികൾ, മുതിർന്നവർ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും കലക്ടർ പറഞ്ഞു.