തൃശൂര്(നന്തിപുലം)> പ്രശസ്ത തുള്ളല് – കുറത്തിയാട്ടം കലാകാരന് കെ പി നന്തിപുലം എന്ന കരുമാലി പത്മനാഭന് (71) അന്തരിച്ചു. സംഗീത നാടക അക്കാദമി അവാര്ഡ്, കലാമണ്ഡലം എന്ഡോവ്മെന്റ്, ഡോ അംബേദ്കര് ഫെല്ലോഷിപ്, കേരള ഫോക്ലോര് അക്കാദമി പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങള് നേടിയിട്ടുണ്ട്. അസുഖം മൂലം ഒന്നര വര്ഷത്തോളമായി വിശ്രമത്തിലായിരുന്നു. നന്തിപുലത്തെ വീട്ടില് തിങ്കളാഴ്ച പുലര്ച്ചെയായിരുന്നു അന്ത്യം.
വരന്തരപ്പിള്ളി അറക്കല് രാമന് നായരുടേയും നന്തിപുലം കരുമാലി മാധവിയമ്മയുടേയും മകനായി 1951 ലായിരുന്നു ജനനം. 1976-ല് ഗുരുവായൂര് ശേഖരന്റെ ശിഷ്യനായി കലാജീവിതം തുടങ്ങിയ കെ പി സംസ്ഥാനത്തിനകത്തും പുറത്തും നിരവധി വേദികളില് തുള്ളലും കുറത്തിയാട്ടവും അവതരിപ്പിച്ചു.
ഓട്ടന്, പറയന്, ശീതങ്കന് തുള്ളലുകളില് ഒരുപോലെ മികവു പുലര്ത്തിയ അദ്ദേഹം ഇരിങ്ങാലക്കുട കൂടല്മാണിക്യം ക്ഷേത്രത്തിലാണ് ആദ്യമായി തുള്ളല് അവതരിപ്പിച്ചത്. 2011-ല് കേരള സംഗീത നാടക അക്കാദമി അവാര്ഡും 2017-ല് കേരളകലാമണ്ഡലം എന്ഡോവ്മെന്റും അദ്ദേഹത്തിന് ലഭിച്ചു. 2011-ല് ഡോ അംബേദ്കര് നാഷണല് ഫെല്ലോഷിപ്, തുള്ളല് കലാനിധി പുരസ്കാരം, ടി എന് നമ്പൂതിരി സ്മാരക അവാര്ഡ് എന്നിവയും ലഭിച്ചു.
കോട്ടയം തപസ്യ കലാവേദി പുരസ്കാരം, ലങ്കേശ്വരം ഗ്രാമസമൂഹം അവാര്ഡ്, മുളങ്കുന്നത്തുകാവ് ധര്മശാസ്താ പുരസ്കാരം, പായമ്മല് ശത്രുഘ്നസ്വാമി പുരസ്കാരം, ചെമ്പൂക്കാവ് കാര്ത്യായനി ക്ഷേത്ര പുരസ്കാരം, വാരിയത്തൊടി ക്ഷേത്ര പുരസ്കാരം, കുമരഞ്ചിറ ദേവി പുരസ്കാരം എന്നിവയും ലഭിച്ചു.
സംസ്കാരം തിങ്കളാഴ്ച വൈകീട്ട് ഔദ്യോധിക ബഹുമതികളോടെ നന്തിപുലത്ത് സ്വവസതിയില്.ഗൗരിയാണ് കെ പി യുടെ ഭാര്യ. കരസേന ഉദ്യോഗസ്ഥന് ഗിരിഷ് മകനും കൃഷ്ണവേണി മകളുമാണ്. മരുമക്കള് : റാണി, വൈശാഖ്.