മനാമ> കുവൈത്ത് പ്രധാനമന്ത്രിയായി ഷെയ്ഖ് അഹമ്മദ് നവാഫ് അല് അഹമ്മദ് അല് സബാഹിനെ കുവൈത്ത് അമീര് വീണ്ടും നിയമിച്ചു. പുതിയ മന്ത്രിസഭയിലെ അംഗങ്ങളെ നാമനിര്ദ്ദേശം ചെയ്യാന് അദ്ദേഹത്തെ ചുമതലപ്പെടുത്തിയതായും റോയല് കോര്ട്ടിനെ ഉദ്ധരിച്ച് കുവൈത്ത് വാര്ത്താ ഏജന്സിയായ കുന ഞായറാഴ്ച റിപ്പോര്ട്ട് ചെയ്തു.
ദേശീയ അസംബ്ലിയുമായുള്ള അഭിപ്രായവ്യത്യാസം മൂര്ച്ഛിച്ചതിനെ തുടര്ന്ന് കുവൈത്ത് സര്ക്കാര് ജനുവരി 23നാണ് രാജി വെച്ചത്. രണ്ട് വര്ഷത്തിനിടെ കുവൈറ്റിന്റെ അഞ്ചാമത്തെ മന്ത്രിസഭയാണ് രാജിവെച്ചത്. രണ്ട് മന്ത്രിമാര്ക്കെതിരായ അന്വേഷണം പിന്വലിക്കണമെന്ന സര്ക്കാര് റിപ്പോര്ട്ട് എംപിമാര് നിരസിച്ചിരുന്നു. ഇതോടെ സര്ക്കാരും ദേശീയ അസംബ്ലിയും തമ്മിലുള്ള തര്ക്കം രൂക്ഷമാകുകയായും മന്ത്രിസഭയുടെ രാജിയില് കലാശിക്കുകയുമായിരുന്നു.
ദേശീയ അസംബ്ലി കഴിഞ്ഞ വര്ഷം സെപ്തംബര് 29 നാണ് തിരഞ്ഞെടുക്കപ്പെട്ടത്. സര്ക്കാരുമായുള്ള നല്ല ബന്ധമായിരുന്നു തുടക്കത്തില് ഭൂരിപക്ഷം എംപിമാരും പ്രധാനമന്ത്രിയെ പരിഷ്കരണവാദിയായി സ്വാഗതം ചെയ്തു. എന്നാല് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില് നല്കിയ വാഗ്ദാനങ്ങള് നിറവേറ്റാനായി ജനപ്രിയവും ചെലവേറിയതുമായ കരട് നിയമങ്ങള് എംപിമാര് മുന്നോട്ട് കൊണ്ടുപോകാന് തുടങ്ങിയതോടെ ബന്ധം വഷളായി.