കൊച്ചി > കഴിഞ്ഞ ദിവസം റിലീസ് ആയ പുഴ മുതൽ പുഴവരെ എന്ന ചിത്രം കാണാൻ നിൽക്കുന്ന പ്രേക്ഷകർ എന്ന ക്യാപ്ഷനോടെ സംവിധായകൻ രാമസിംഹൻ ഫെയ്സ്ബുക്കിൽ പങ്കുവച്ച പോസ്റ്റിലേത് തെറ്റായ ചിത്രം. മുംബൈയിലെ മൾട്ടിപ്ലക്സ് തീയറ്ററായ ഗാലക്സിയിൽ ആഷിഖി 2 എന്ന ഹിന്ദി സിനിമ കാണാൻ നിൽക്കുന്നവരുടെ ഫോട്ടോയാണ് രാമസിംഹൻ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. വായിക്കുന്നവരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ “പുഴ സമൂഹം ഏറ്റെടുക്കുന്നു’ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
രാമസിംഹന്റെ പോസ്റ്റ്
വാട്സ്ആപ്പിൽ ലഭിച്ച ഫോർവേഡ് മെസേജിന്റെ സ്ക്രീൻഷോട്ടായാണ് പോസ്റ്റ്. “ഇന്ന് റിലീസായ പുഴ മുതൽ പുഴ വരെ കാണാൻ ക്യു നിൽക്കുന്ന കാസ പ്രവർത്തകർ… അഭിമാനം ഈ പ്രസ്ഥാനം’ ഇങ്ങിനെയാണ് മെസേജിൽ കാണാനാകുന്നത്. പണം കൊടുത്ത് ചിത്രങ്ങൾ വാങ്ങി ഉപയോഗിക്കാവുന്ന സൈറ്റായ ഷട്ടർസ്റ്റോക്കിന്റേതാണ് ചിത്രം. 2013 ൽ റിലീസായ ആഷിഖി 2 എന്ന ചിത്രം കാണാൻ നിൽക്കുന്നവരുടെ ക്യു ആണ് ചിത്രത്തിലേതെന്ന് വ്യക്തമായി കാണാനാകും. ഹിന്ദിയിൽ “ഗാലക്സി’ എന്നും ഇടതുവശത്തായി ആഷിഖി 2 എന്നും എഴുതിയിട്ടുണ്ട്. ഗൂഗിളിൽ Indians crowd outside movie theatre mumbai എന്ന് സെർച്ച് ചെയ്താൽ ഈ ചിത്രം കാണാനാകും.
ഗൂഗിളിൽ സെർച്ച് ചെയ്താൽ കിട്ടുന്ന യഥാർത്ഥ ചിത്രം
ചിത്രം തിയറ്ററിൽ പരാജയപ്പെടുന്നുവെന്ന റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കെയാണ് സംവിധായകൻതന്നെ കാണാൻ ആളുണ്ട് എന്ന് വരുത്താൻ വ്യാജ പോസ്റ്റുമായി ഇറങ്ങിയത്. പോസ്റ്റിന് താഴെയും സമൂഹമാധ്യമങ്ങളിലും ചിത്രം തെറ്റാണെന്ന് പലരും പറയുന്നുണ്ടെങ്കിലും പിൻവലിക്കാൻ രാമസിംഹൻ തയ്യാറായിട്ടില്ല. മമധർമ്മ എന്ന പേരിൽ പണം പിരിച്ചതും പോരാതെ പറ്റിച്ച് ജീവിക്കുന്നവരെ പറ്റിച്ച് ജീവിക്കാൻ ഇറങ്ങിയിരിക്കുന്നു എന്നാണ് പോസ്റ്റിലെ ഒരു കമന്റ്.