തൊടുപുഴ> അർബുദരോഗിയാണെന്ന് പറഞ്ഞ് മുൻ സഹപാഠികളിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തയാൾ പിടിയിൽ. തൊടുപുഴ കരിമണ്ണൂർ മുളപ്പുറം ഐക്കരമുക്കിൽ സി ബിജു(45) ആണ് തൊടുപുഴ പൊലീസിന്റെ പിടിയിലായത്. വാട്സാപ്പിൽ സന്ദേശം അയച്ചും ശബ്ദംമാറ്റുന്ന മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് ബന്ധുക്കളുടെ പേരിൽ വിളിച്ചും തന്ത്രപരമായാണ് ഇയാൾ പണംതട്ടിയത്.പാലായിലെ ഒരു കോളേജിലെ പൂർവ വിദ്യാർഥിയാണിയാൾ.
സഹപാഠികളുടെ വാട്സാപ് ഗ്രൂപ്പുകളിൽ തനിക്ക് അർബുദം ബാധിച്ചെന്ന് മെസേജ് അയച്ചു. തുടർന്ന് അമ്മാവനെന്ന് പരിചയപ്പെടുത്തി പ്രായമുള്ള ഒരാൾ ഗ്രൂപ്പംഗങ്ങളെ വിളിച്ചു. ബിജു സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ടു. അങ്ങനെ കൂട്ടുകാർ എല്ലാവരും ചേർന്ന് 10.5ലക്ഷം രൂപ സമാഹരിച്ച് നൽകി. ശബ്ദം മാറ്റുന്ന ആപ്ലിക്കേഷൻ ഉപയോഗിച്ച് ബിജു തന്നെയായിരുന്നു കൂട്ടുകാരെ വിളിച്ചതെന്ന് പൊലീസ് പറഞ്ഞു.
പിന്നീട് ഇയാൾ സഹോദരിയുടെ ശബ്ദത്തിൽ റിട്ട. പ്രിൻസിപ്പലിനെ വിളിച്ച് ഇതേ ആവശ്യമുന്നയിച്ചു. പ്രിൻസിപ്പലിന്റെ നേതൃത്വത്തിലും പിരിവ് നടത്തി അഞ്ച് ലക്ഷത്തോളം രൂപ സമാഹരിച്ച് നൽകി. എല്ലാവരെയും വിശ്വസിപ്പിക്കാൻ തമിഴ്നാടുള്ള ഒരു ആശുപത്രിയിൽനിന്ന് ക്യാൻസർ വിദഗ്ധന്റെ സർട്ടിഫിക്കറ്റ് കാണിച്ചിരുന്നു.
കൂട്ടുകാരിൽ തൊടുപുഴ സ്വദേശിയായ ഒരാളുണ്ടായിരുന്നു. ഇയാൾക്ക് സംശയം തോന്നി. ഒരിക്കൽ ‘അമ്മാവനെന്ന്’ പറഞ്ഞ് സംസാരിക്കുന്നയാളോട് വീഡിയോ കോളിൽ വരാൻ ആവശ്യപ്പെട്ടു. തലയിൽ തോർത്തിട്ട് രാത്രിയിലാണ് ഇയാൾ വീഡിയോ കോളിലെത്തിയത്. ഇത് കൂട്ടുകാർക്കിടയിൽ സംശയം വർധിപ്പിച്ചു. പിന്നീട് ബിജു മരിച്ചെന്നും അവനെ ഇനി നോക്കേണ്ടെന്നും ‘അമ്മാവൻ’ വിളിച്ചുപറഞ്ഞു. ഒരിക്കൽ തൊടുപുഴ സ്വദേശിയായ സുഹൃത്ത് ബിജുവിനെ എവിടെയോ വച്ച് കാണാനിടയായി. പുതിയ കാറിലായിരുന്നു ബിജുവിന്റെ സഞ്ചാരം. പിന്നീടാണ് സഹപാഠികൾ തൊടുപുഴ ഡിവൈഎസ്പിക്ക് പരാതിനൽകിയത്. ചേർത്തല സ്വദേശിയായ ഇയാൾ വിവാഹശേഷമാണ് മുളപ്പുറത്ത് എത്തിയത്. ഇവിടുത്തെയും ആലപ്പുഴയിലേയും വിലാസത്തിൽ ഇയാൾക്ക് രണ്ട് ആധാർ കാർഡുകളുണ്ട്.