തിരുവനന്തപുരം> ‘നര്‍ക്കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ്സ്’ എന്ന പേരില്‍ ഏഷ്യാനെറ്റ് റോവിംഗ് റിപ്പോര്‍ട്ടര്‍ പരിപാടിയില്‍ ഉള്‍പ്പെടുത്തിയ ഇന്റര്‍വ്യൂവില്‍ 14 വയസ്സുള്ള പെണ്‍കുട്ടിയുടേതായി ചിത്രീകരിച്ചിരിക്കുന്ന അഭിമുഖം വ്യാജമായി ചിത്രീകരിച്ചതാണെന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് ഇത്തരത്തില്‍ വ്യാജവാര്‍ത്ത ചമച്ച് പ്രചരിപ്പിച്ചവര്‍ക്കെതിരെ പോക്സോ ആക്ട് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് നിയമ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതി ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ വ്യക്തമാക്കി. പരാതിയിന്മേല് പൊലീസ് അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. പി വി അന്‍വര്‍ എംഎല്‍എയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.
കൂടുതല്‍ കുട്ടികള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ സിറ്റി പൊലീസ് ജില്ലയില്‍ അന്വേഷണം നടത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥിനി പഠിക്കുന്ന സ്കൂളിലെ കുട്ടികളെയും വിദ്യാര്‍ത്ഥിനിയുടെ സുഹൃത്തുക്കളെയും കണ്ട് സംസാരിച്ചതിലും സ്കൂള്‍ അധികൃതരോടും മറ്റും അന്വേഷിച്ചതിലും വിദ്യാര്‍ത്ഥിനി പറഞ്ഞതുപോലെ മറ്റ് കുട്ടികള്‍ പീഡനത്തിന് ഇരയായതയായി അറിവായിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി
കുറ്റകൃത്യങ്ങളെ കുറിച്ച് തെളിവോടുകൂടിയ അറിവ് ലഭിച്ചാലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം നടന്നുവെന്ന് ഇരയായ പെണ്‍കുട്ടി തന്നെ വെളിപ്പെടുത്തിയാലും ഇക്കാര്യം പോലീസില്‍ അറിയിക്കാതിരിക്കുന്നത് പോക്സോ ആക്ട് സെക്ഷന്‍ 21 r/w 19 പ്രകാരം കുറ്റകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു