മണ്ണാർക്കാട്
തേൻ കിനിയുന്ന മനസ്സിനൊപ്പം കൈനിറയെ കാട്ടുതേനും ചീരപ്പൊരിയുമായി അതിരാവിലെ മാരി മലയിറങ്ങിയെത്തി. അട്ടപ്പാടി കടുകുമണ്ണ ഊരുനിവാസിയാണ്. പ്രായാധിക്യമുണ്ടെങ്കിലും ഉറച്ച വീര്യം. ജനകീയ പ്രതിരോധ ജാഥയുടെ നായകനെ കാണണം ലാൽസലാം പറയണം, കൈയിൽ കരുതിയ സമ്മാനങ്ങൾ നേരിട്ടുതന്നെ നൽകണം. ഇതാണ് ലക്ഷ്യം. മലയിറങ്ങി കിലോമീറ്ററുകൾക്കപ്പുറത്തെ സ്വീകരണ വേദിയിലെത്തുന്നതിന്റെ ബുദ്ധിമുട്ടുകൾ ഒപ്പമുള്ളവർ പറഞ്ഞെങ്കിലും അത് വകവച്ചുകൊടുക്കാൻ മാരി തയ്യാറായില്ല. ദിവസങ്ങൾക്കുമുമ്പേ ജനനായകന് നൽകാൻ സംഭരിച്ചവയാണ് അവയെല്ലാം. രാവിലെതന്നെ വണ്ടി കയറി ചുരമിറങ്ങി. മണ്ണാർക്കാട്ടെ സ്വീകരണ വേദിയിൽ പ്രവർത്തകർ കസേര നിരത്തിയപ്പോൾ മുൻനിരയിൽ ഇരുന്നു. കനലെരിയുന്ന ചിന്തകളിൽ പുതുശോഭയുടെ പ്രതീക്ഷയെന്നോണം ചെങ്കൊടി ചേർത്തുപിടിച്ചു. അറിവായ കാലംമുതൽ ഇങ്ങനെയാണ്. നെഞ്ചോടു ചേർത്ത് പിടിക്കും. നേരുള്ള, പാവങ്ങടെ പാർടിയല്ലേ.. മാരി മൂപ്പത്തി പറഞ്ഞു. ‘‘ഞങ്ങളോരോരുത്തരോടുമുള്ള മമതയല്ല, സർക്കാരിനും മുഖ്യമന്ത്രിക്കും ഇടതുപക്ഷത്തിനും എതിരായ കടന്നാക്രമണങ്ങളെ പ്രതിരോധിക്കാനാണ് പതിനായിരങ്ങൾ ഇവിടെ തടിച്ചുകൂടിയതെന്ന് നമുക്കറിയാം’’ എം വി ഗോവിന്ദന്റെ വാക്കുകൾ കേട്ട് ജനസഞ്ചയത്തോടൊപ്പം മാരിയും കൈയടിച്ചു.
വേദിയിലെത്തി ഹൃദയപക്ഷത്തിന്റെ തേരാളിക്ക് മുളങ്കുറ്റിയിൽ ശേഖരിച്ച കാട്ടുതേനും ചീരപ്പൊരിയും നൽകി. ഒപ്പമുണ്ടായിരുന്ന ലിങ്ക മൂപ്പനും തേൻ സമ്മാനിച്ചു. എം വി ഗോവിന്ദൻ ഷാളണിയിച്ച് ഇരുവരെയും ആദരിച്ചു. എല്ലാ അഭിനന്ദനങ്ങൾക്കുമപ്പുറം താൻ വിശ്വസിക്കുന്ന, സ്വപ്നം കാണാൻ പഠിപ്പിച്ച പാർടി ആയിരങ്ങളുടെ സാന്നിധ്യത്തിൽ ആദരിച്ചപ്പോൾ അഭിമാനത്തോടെ ആ കണ്ണുകൾ ഈറനണിഞ്ഞു.