തിരുവനന്തപുരം > എസ്ബിഐയിൽ തൊഴിൽ നിയമങ്ങൾ ലംഘിച്ചുകൊണ്ട് തൊഴിലാളി വിരുദ്ധ നയങ്ങൾ നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്ന് എസ്ബിഐ എംപ്ലോയീസ് ഫെഡറേഷൻ. പണിമുടക്കിയ ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത് അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്ന് ഫെഡറേഷൻ പ്രസ്താവനയിൽ പറഞ്ഞു.
ടിഎസ്ബിഇഎ ജനറൽ സെക്രട്ടറി കൃഷ്ണ അടക്കമുള്ള നിരവധി സംഘടനാ നേതാക്കന്മാരെ സ്ഥലം മാറ്റിയത് മാനേജ്മെന്റിന്റെ തൊഴിലാളിവിരുദ്ധ സമീപനമാണ്. കേരള സർക്കിളിൽ മാത്രം നടപ്പിലാക്കിയ മൾട്ടി പ്രോഡക്ട്സ് സെയിൽസ് ഫോഴ്സ് സംവിധാനം ശാഖകളെ ദുർബലപ്പെടുത്തുകയും ഇടപാടുകാർക്ക് ദോഷകരമായി തീരുകയും ചെയ്ത നടപടിയാണ്. ഇതിനെതിരെ ജീവനക്കാരിൽനിന്നും വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. ബാങ്ക് ഇത്തരം പ്രതിഷേധങ്ങൾക്കെതിരെ നിലപാട് സ്വീകരിക്കുന്നത് കോർപ്പറേറ്റ് പ്രീണന നയങ്ങളുടെ ഭാഗമായിട്ടാണ്. ജീവനക്കാരുടെ പ്രതിഷേധിക്കാനുള്ള അവകാശങ്ങളിലേക്ക് കടന്നുകയറുകയല്ല, മറിച്ച് ഒരു മാതൃകാ തൊഴിൽദാതാവാകുകയും ജനകീയ ബാങ്കിങ് സംവിധാനത്തിലേക്ക് തിരിച്ചുവരികയാണ് വേണ്ടതെന്നും ഫെഡറേഷൻ പ്രസിഡന്റ് അമൽ രവി, ജനറൽ സെക്രട്ടറി സി ജയരാജ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.