തിരുവനന്തപുരം> കെഎസ്ആർടിസി ജീവനക്കാർ ശമ്പളം ഗഡുവായി വാങ്ങണമെന്ന് ഒരു നിർബന്ധവുമില്ലെന്ന് മന്ത്രി ആന്റണി രാജു. ആവശ്യമുള്ളവർ മാത്രം ഗഡുക്കളായി ശമ്പളം സ്വീകരിച്ചാൽ മതിയാകും.
ഗഡുക്കളായി വേണ്ടാത്തവർക്ക് അത് രേഖാമൂലം എഴുതിനൽകാനും അവസരമുണ്ട്. അങ്ങനെയുള്ളവർക്ക് സാധാരണപോലെ മാസാദ്യം ശമ്പളത്തിന്റെ ഒരു ഗഡു ലഭിച്ചാൽ ഉപകാരപ്രദമാണെന്ന ജീവനക്കാരുടെതന്നെ ആവശ്യം പരിഗണിച്ചാണ് സർക്കുലർ ഇറക്കിയത്.
ജീവനക്കാർക്ക് എല്ലാ മാസവും അഞ്ചിനകം ശമ്പളം കൊടുക്കണമെന്നാണ് ആഗ്രഹം. കെഎസ്ആർടിസി ജീവനക്കാർക്ക് ഇതുവരെയുള്ള മുഴുവൻ ശമ്പളവും വിതരണം ചെയ്തിട്ടുണ്ട്. ഗഡുക്കളായി ശമ്പളം നൽകുന്നതിനെ വ്യാപകമായി ദുർവ്യാഖ്യാനം ചെയ്യുകയാണ്. ഏകപക്ഷീയമായ ഒരു തീരുമാനവും മാനേജ്മെന്റ് സ്വീകരിച്ചിട്ടില്ല.
ട്രേഡ് യൂണിയനുകളുമായി എല്ലാ വിഷയത്തിലും നിരന്തരം ചർച്ച നടത്തിയിട്ടുണ്ട്. കെഎസ്ആർടിസിയിൽ വിആർഎസ് എന്ന വാർത്തതന്നെ അബദ്ധജഡിലമാണെന്നും മന്ത്രി പറഞ്ഞു.