തിരുവനന്തപുരം> ഒഴിഞ്ഞുകിടക്കുന്ന വീടുകൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്തണമെന്നത് നിർദേശം മാത്രമാണെന്നും ഇപ്പോൾ നടപ്പാക്കില്ലെന്നും മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
തനത് ഫണ്ടിന്റെ കുറവ് തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കുന്ന സാഹചര്യത്തിൽ വരുമാന വർധനവിന് നിർദേശങ്ങൾ വന്നിരുന്നു. അടച്ചിട്ട വീടുകളുടെ അധിക നികുതി ഇതിന്റെ ഉയർന്ന നിർദേശമാണ്. തദ്ദേശ സ്വയംഭരണ വകുപ്പാണ് ഇത് ചർച്ച ചെയ്യുന്നതെന്നും, ഇപ്പോൾ നടപ്പാക്കേണ്ടതില്ലെന്ന നിലാപാടാണുള്ളതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
ഒരാളുടെ ഒന്നിലധികമുള്ള, അടച്ചിട്ട വീടുകൾക്ക് അധിക നികുതി ഏർപ്പെടുത്തുമെന്ന ബജറ്റ് നിർദേശം കോവിഡിൽനിന്ന് കയറുന്ന സാഹചര്യത്തിൽ ഒഴിവാക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. പ്രവാസി സംഘടനകളും ഇക്കാര്യം സർക്കാർ മുമ്പാകെ ഉന്നയിച്ചിരുന്നു.
മെഡിസെപ്പ് അടുത്ത ഘട്ടത്തിൽ കൂടുതൽ ജീവനക്കാർ
മെഡിസെപ്പിന്റെ അടുത്ത ഘട്ടത്തിൽ കൂടുതൽ മേഖലയിലെ ജീവനക്കാരൈയും തൊഴിലാളികളെയും ഉൾപ്പെടുത്തുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയെ അറിയിച്ചു. സർക്കാർ കമ്പനികൾ, ബോർഡുകൾ, കോർപറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, വികസന അതോറിട്ടികൾ തുടങ്ങിയവയിലെ ജീവനക്കാരെയും സംഘടിത മേഖലയിലെ തൊഴിലാളികളെയും അടുത്ത ഘട്ടത്തിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കും. നിലവിലെ പദ്ധതി നടപ്പായികഴിഞ്ഞു. ഈ ഘട്ടത്തിൽ പുതുതായി ഗുണഭോക്താക്കളെ ഉൾപ്പെടുത്താനാകില്ലെന്നും കെ ജെ മാക്സിയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി.