തിരുവനന്തപുരം
ശശി തരൂരിനെ പ്രവർത്തകസമിതിയിൽ ഉൾപ്പെടുത്തില്ലെന്ന് വ്യക്തമായ സൂചന നൽകി കോൺഗ്രസ് നേതൃത്വം. സോണിയ കുടുംബത്തിന്റെ അടുപ്പക്കാരൻ എന്ന നിലയിൽ കെ സി വേണുഗോപാലും മുതിർന്ന നേതാവ് എന്ന പരിഗണനയിൽ രമേശ് ചെന്നിത്തലയും പ്രവർത്തകസമിതിയിൽ വന്നേക്കും. മൂന്നാമതൊരാൾക്ക് കേരളത്തിൽനിന്ന് അവസരമുണ്ടെങ്കിൽ അത് കൊടിക്കുന്നിൽ സുരേഷിനായിരിക്കും.
നിർണായക ഘട്ടങ്ങളിൽ കോൺഗ്രസിലെ വിമതർക്കൊപ്പം തരൂർ നിലപാടെടുത്തുവെന്നത് എതിർ ക്യാമ്പ് പ്രധാന ആയുധമാക്കും. സാമുദായിക പരിഗണനവച്ച് ശശി തരൂരിനെ ഉൾപ്പെടുത്താൻ കഴിയില്ലെന്ന് ഒരു ഐ ഗ്രൂപ്പ് നേതാവ് പറഞ്ഞു. കേരളത്തിന്റെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ ഊന്നിയത് സാമുദായിക പരിഗണന പ്രധാനമാണ് എന്നാണ്. ദേശീയ അധ്യക്ഷൻ അന്തിമ തീരുമാനം എടുക്കട്ടെയെന്നാണ് താരിഖ് പറഞ്ഞത്. പ്രത്യേക ക്ഷണിതാവായി ചിലപ്പോൾ തരൂരിനെ പരിഗണിച്ചേക്കും. കോൺഗ്രസ് പ്രവർത്തകസമിതി അംഗങ്ങളുടെ എണ്ണം 35 ആക്കാനും അത് നോമിനേഷൻ വഴിമാത്രം മതിയെന്നും തീരുമാനിച്ച ഹൈക്കമാൻഡ് പ്രഖ്യാപനം പ്ലീനറി സമ്മേളനത്തിൽ വേണ്ടെന്നും തീരുമാനിച്ചത് ബുദ്ധപൂർവമാണ്. അന്തിമ തീരുമാനം വരുന്നതോടെ വൻ പൊട്ടിത്തെറികൾ ഉണ്ടാകുമെന്ന് ഉറപ്പാണ്.