തിരുവനന്തപുരം> സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നയും മുഖ്യമന്ത്രിയും കോണ്സുലേറ്റ് ജനറലും കൂടിക്കാഴ്ച നടത്തിയെന്ന മാത്യു കുഴല്നാടന്റെ ആരോപണം പച്ചക്കള്ളമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരത്തില് ഒരു കൂടിക്കാഴ്ചയും നടന്നിട്ടില്ല. മാത്യു കുഴല്നാടന് സഭയെ എന്തും വിളിച്ചുപറയാവുന്ന സ്ഥലമാക്കി മാറ്റിയെന്നും മുഖ്യമന്ത്രി വിമർശിച്ചു. സര്ക്കാരിന്റേതായ രീതിയില് കാര്യങ്ങള് മുന്നോട്ട് കൊണ്ടുപോകാന് തനിക്ക് സാധിക്കുമെന്നും അതിന് മാത്യു കുഴൽനാടന്റെ ഉപദേശം ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് മിഷന് പദ്ധതിയില് അഴിമതി ആരോപിച്ച് പ്രതിപക്ഷം നിയമസഭയില് അവതരിപ്പിച്ച അടിയന്തിര പ്രമേയത്തിന്മേലുള്ള മറുപടിയിലാണ് മാത്യു കുഴല്നാടനെതിരെ മുഖ്യമന്ത്രി ആഞ്ഞടിച്ചത്.
യൂണിടാകും യുഎഇ കോണ്സുലേറ്റും തമ്മിലുള്ള ധാരണകളും ചര്ച്ചകളും ഉയര്ത്തിക്കാണിച്ച് മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയും നിഴലില് നിര്ത്തുന്ന ആരോപണങ്ങളാണ് മാത്യു കുഴല്നാടന് സഭയില് ഉന്നയിച്ചത്. വസ്തുതാപരമല്ലാത്ത , അപകീര്ത്തി പ്രസ്താവനകളാണ് ഉന്നയിക്കുന്നതെന്ന് മുഖ്യമന്ത്രി മറുപടി നൽകി. സഭയുടെ ചട്ടം അത് വിലക്കുന്നുവെന്ന് ഓര്മ്മിപ്പിച്ച മുഖ്യമന്ത്രി സ്പീക്കര് അത് കേള്ക്കുന്നുണ്ടോയെന്നും ചോദിച്ചു. ‘ആവശ്യമെങ്കില് താങ്കളുടെ ഉപദേശം മേടിച്ചുകൊള്ളാം, ഇപ്പോള് എനിക്ക് അങ്ങയുടെ ഉപദേശം ആവശ്യമില്ല’ എന്നും കുഴൽനാടനെ പരിഹസിച്ച് മുഖ്യമന്ത്രി പറഞ്ഞു. സര്ക്കാരിന്റേതായ രീതിയില് കാര്യങ്ങള് മുന്നോട്ട് കൊണ്ടുപോകാന് തനിക്ക് സാധിക്കുമെന്നും മുഖ്യമന്ത്രി ഓര്മ്മിപ്പിച്ചു.
പറയാനുള്ള കാര്യങ്ങള് പറഞ്ഞിട്ടേ പോകൂ, മുഖ്യമന്ത്രിക്ക് എതിര്പ്പുണ്ടെങ്കില് കോടതിയെ സമീപിക്കാമെന്ന വെല്ലുവിളിയും ഒരു ഘട്ടത്തില് കുഴല്നാടന് ഉയര്ത്തി. അംഗം പറയുന്നതിന് എന്തിന് കോടതിയില് പോകണം. അംഗം പറഞ്ഞതിനുള്ള മറുപടിയാണ് ഇവിടെ നല്കുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി അത് മാത്യു കുഴല്നാടന്റെ മുഖത്തു നോക്കി തന്നെയാണ് പറയുന്നതെന്നും ഓര്മ്മിപ്പിച്ചു. മറുപടി പറയാനുള്ള ആര്ജ്ജവം തനിക്കുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.