പാരിസ്> ഫിഫയുടെ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള പുരസ്കാരം അർജന്റീന ക്യാപ്റ്റൻ ലയണൽ മെസിക്ക്. പിഎസ്ജിയിലെ സഹതാരം ഫ്രാൻസിന്റെ കിലിയൻ എംബാപ്പെയെ മറികടന്നാണ് മെസി പുരസ്കാരം സ്വന്തമാക്കിയത്. റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് താരം കരിം ബെൻസെമയും അന്തിമ പട്ടികയിലുണ്ടായിരുന്നു.
ഖത്തർ ലോകകപ്പിലെ മിന്നുന്ന പ്രകടനമാണ് മെസിയെ മുന്നിലെത്തിച്ചത്. അർജന്റീനയെ ചാമ്പ്യൻമാരാക്കിയ ഈ മുപ്പത്തഞ്ചുകാരൻ ലോകകപ്പിന്റെ മികച്ച താരമായും തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം തവണയാണ് ഫിഫ ബെസ്റ്റ് പുരസ്കാരം. 2019ലായിരുന്നു മെസിയുടെ ആദ്യനേട്ടം. ഇതിനിടെ ക്ലബ് തലത്തിൽ 700 ഗോളും പൂർത്തിയാക്കി. ഫ്രഞ്ച് ലീഗിൽ മാഴ്സെയ്ക്കെതിരെ ഗോളടിച്ചായിരുന്നു നേട്ടം.
ബാഴ്സലോണയുടെ സ്പാനിഷ് താരം അലെക്സിയ പുറ്റെല്ലസാണ് മികച്ച വനിതാ താരം. മികച്ച പരിശീലകൻ അർജന്റീനയുടെ ലയണൽ സ്കലോണി. മികച്ച ഗോൾകീപ്പർ അർജന്റീനയുടെ എമിലിയാനോ മാർട്ടിനെസാണ്. മികച്ച ഗോളിനുള്ള പുസ്കാസ് അവാർഡ് പോളണ്ടിന്റെ മാർസീൻ ഒലെക്സിക്ക് ലഭിച്ചു. ഇംഗ്ലണ്ട് കോച്ച് സറീന വീഗ്മാനാണ് മികച്ച വനിതാ ടീം പരിശീലക. ആരാധകർക്കുള്ള പുരസ്കാരം അർജന്റീനയ്ക്കാണ്.
ബ്രസീൽ ഇതിഹാസതാരം പെലെയെ അനുസ്മരിച്ചായിരുന്നു ചടങ്ങുകൾ ആരംഭിച്ചത്. കായിക മാധ്യമ പ്രവർത്തകർ, പരിശീലകർ, ദേശീയ ടീമുകളുടെ ക്യാപ്റ്റൻമാർ എന്നിവർക്കൊപ്പം പൊതുജനങ്ങളും വോട്ട് ചെയ്താണ് ഫിഫ ബെസ്റ്റ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുക്കുന്നത്.