തിരുവനന്തപുരം> രാജ്യത്ത് ദളിതര്‍ക്കു നേരെയുണ്ടാകുന്ന അക്രമങ്ങള്‍ തടയാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദളിത്, ആദിവാസി, കര്‍ഷകത്തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്. രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി സംസ്ഥാനത്തും പ്രതിഷേധം സംഘടിപ്പിക്കും.
മാര്‍ച്ച് 23ന് രാജ്ഭവനിലേക്കും വിവിധ ജില്ലകളിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും മാര്‍ച്ചും ധര്‍ണയും നടത്താന്‍ തിങ്കളാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന ദളിത്, ആദിവാസി, കര്‍ഷകത്തൊഴിലാളി സമരപ്രഖ്യാപന കണ്വന്ഷന് തീരുമാനിച്ചു. പികെഎസ്, കെഎസ്കെടിയു, എകെഎസ്, ബികെഎംയു, എഐഡിആര്‍എം എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് മാര്‍ച്ച്.
സമര പ്രഖ്യാപന കണ്വന്ഷന് ദളിത് ശോഷണ്‍ മുക്തിമഞ്ച് (ഡിഎസ്എംഎം) അഖിലേന്ത്യ പ്രസിഡന്റ് കെ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ബികെഎന്യു സംസ്ഥാന പ്രസിഡന്റ് പി കെ കൃഷ്ണന് അധ്യക്ഷനായി.പികെഎസ് സംസ്ഥാന സെക്രട്ടറി കെ സോമപ്രസാദ്, കെഎസ്കെടിയു സംസ്ഥാന സെക്രട്ടറി എന്‍ ചന്ദ്രന്, എകെഎസ് സംസ്ഥാന സെക്രട്ടറി വിദ്യാധരന് കാണി, എഐഡിആര്‍എം ജനറല്‍ സെക്രട്ടറി എന്‍ രാജന്, അഡ്വ. ശാന്തകുമാരി എംഎല്‍എ തുടങ്ങിയവര്‍ സംസാരിച്ചു.
ദളിതര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കര്‍ശനമായ നിയമം നടപ്പാക്കുക, പ്രത്യേക കോടതി സ്ഥാപിച്ച് വിചാരണ വേഗത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം.